മുംബൈ: ഗസയിലെ കുട്ടികള്‍ പട്ടം പറത്തുന്നതിനെതിരായ ഇസ്രഈല്‍ നടപടികള്‍ക്കെതിരെ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയായ ‘ഇന്ത്യന്‍ പീപ്പീള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ (ഐ.പി.എസ്.പി)’. ഐ.പി.എസ്.പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഈ കാര്യം പറയുന്നത്.

ഫലസ്തീന്‍ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പട്ടം പറത്തിക്കൊണ്ടായിരുന്നു മുംബൈയില്‍ അടുത്തിടെ ഐ.പി.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ പേരില്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ വീടുകളില്‍ മുംബൈ പൊലീസ് നിയമവിരുദ്ധമായി റെയ്ഡ് നടത്തിയെന്നും അവരെ കസ്റ്റഡിയിലെടുത്തെന്നും ഐ.പി.എസ്.പിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

‘പട്ടം പറത്തുന്നത് ഇന്ത്യയിലും കുറ്റകരമാണോ?’ എന്ന് ചോദിച്ചുകൊണ്ടാണ് ഐ.പി.എസ്.പിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ഒരിക്കല്‍ കൂടി വെളിപ്പെടുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘ഫലസ്തീന്‍ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പട്ടം പറത്തിയതിന് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ വീടുകളില്‍ മുംബൈ പോലീസ് നിയമവിരുദ്ധമായി റെയ്ഡ് നടത്തി.

ഗാസയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ഗ്ലോബല്‍ ഗസ കൈറ്റ് വീക്കെന്‍ഡ് പരിപാടിയില്‍ മുംബൈയിലെ ഐ.പി.എസ്.പി വളണ്ടിയര്‍മാര്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ മുംബൈ പൊലീസ് ലക്ഷ്യമിടാന്‍ തുടങ്ങിയത്.

വംശഹത്യ നടത്തുന്ന ഇസ്രഈല്‍ ഭരണകൂടം പട്ടം പറത്തുന്നതിനെപ്പോലും കുറ്റകരമായ പ്രവൃത്തിയായി മുദ്രകുത്തിയിരിക്കുകയാണ്. ഇതിനിടെ, മുംബൈയിലെ ബാന്ദ്ര പോലീസ് ഐ.പി.എസ്.പിയുമായി ബന്ധപ്പെട്ട വനിതാ വളണ്ടിയര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും, അവരെ ഉപദ്രവിക്കുകയും, അവരുടെ സാധനങ്ങള്‍ നിയമവിരുദ്ധമായി പിടിച്ചെടുക്കുകയും ചെയ്തു,’ പോസ്റ്റില്‍ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുകൊണ്ട് സിവില്‍ വേഷത്തിലുള്ളവരാണ് ആദ്യം റെയ്ഡിനെത്തിയത്. ഹര്‍ഷദ എന്ന വളണ്ടിയറുടെ വീട്ടില്‍ ഈ സംഘം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ബലമായി തടഞ്ഞുവെക്കുകയും ചെയ്‌തെന്നും സംഘടന അറിയിച്ചു.

‘പിന്നീട്, യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി, വാറന്റോ രേഖാമൂലമുള്ള നോട്ടീസോ രേഖകളോ ഇല്ലാതെ അവരുടെ വീട് പരിശോധിച്ചു. കൂടാതെ, ഗസ കൈറ്റ് ക്യാമ്പെയ്നില്‍ പങ്കെടുത്ത മറ്റ് രണ്ട് വളണ്ടിയര്‍മാരെ കൂടി മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു,’ ഐ.പി.എസ്.പിയുടെ പോസ്റ്റില്‍ പറയുന്നു.

ബ്രിക്‌സ് ഉച്ചകോടിയില്‍ ഇസ്രഈലിന്റെ നടപടികളെ അപലപിക്കുകയും ഫലസ്തീന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി ഇന്ത്യന്‍ ഭരണകൂടം അഭിനയിക്കുന്നു. എന്നാല്‍ രാജ്യത്തെ സുരക്ഷാ-നിയമപാലന ഏജന്‍സികളുടെ നടപടികള്‍ മറ്റൊരു യാഥാര്‍ത്ഥ്യമാണ് ആവര്‍ത്തിച്ച് തെളിയിക്കുന്നതെന്നും സംഘടന അഭിപ്രായപ്പെട്ടു. വംശഹത്യ നടത്തുന്ന ഇസ്രഈല്‍-യു.എസ് സഖ്യത്തോടൊപ്പമാണ് തങ്ങളുടെ നിലപാടെന്ന് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ക്കെതിരായ നിരന്തരമായ നടപടികളിലൂടെ സര്‍ക്കാര്‍ വെളിപ്പെടുത്തുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്നലെ (സെപ്റ്റംബര്‍ 18, വെള്ളി) വൈകിട്ടോടെയാണ് പൊലീസ് റെയ്ഡ് ആരംഭിച്ചതായാണ് സംഘടന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 2.15 ആയിട്ടും ഹര്‍ഷദയുടെ വീട്ടില്‍ നിന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയില്ലെന്ന് മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഐ.പി.എസ്.പി. പറഞ്ഞു. ഒമ്പത് മണിക്കൂറോളമായി റെയ്ഡ് തുടരുകയാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഫലസ്തീന്‍ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പട്ടം പറത്തിയതിന്റെ പേരില്‍ മാത്രം, വാറന്റില്ലാതെ ഒരാളുടെ വീട്ടില്‍ ‘പരിശോധന’ നടത്താന്‍ ഒമ്പത് മണിക്കൂറിലേറെയായി പോലീസ് അവിടെ തുടരുന്നു! ഇത് നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണം മാത്രമല്ല, ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്,’ എന്നും ഐ.പി.എസ്.പി അഭിപ്രായപ്പെട്ടു.

ഗസയിലെ കുട്ടികള്‍ പട്ടം പറത്തുന്നതിനെതിരെ ഹമാസിന് ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കിയതിനെതിരെയായിരുന്നു മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഗസയില്‍ നിന്നും വരുന്ന പട്ടങ്ങള്‍ യുദ്ധായുധങ്ങളായി കണക്കാക്കുമെന്നും ആക്രമണം ശക്തമാക്കുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്സും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകത്ത് പലയിടത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Content Highlight: Palestine Solidarity Protest against Israel’s Kite ban in Gaza: Mumbail Police Reportedly Detained IPSP Volunteers