ന്യൂദല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ 2000 രൂപയ്ക്ക് മുകളിലുള്ള തെരഞ്ഞെടുത്ത യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് പുതിയ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. ഗാസിയാബാദിലെ വ്യാപാരികള്‍ നഗരത്തിലെ വിവിധ കടകള്‍ക്ക് മുന്നില്‍ തങ്ങള്‍ യു.പി.ഐ പണമിടപാടുകള്‍ സ്വീകരിക്കില്ല എന്നെഴുതിയ ബോര്‍ഡുകളും നോട്ടീസുകളും സ്ഥാപിച്ചു.

0.4 ശതമാനം ചാര്‍ജ് ഈടാക്കുന്നതിലാണ് വ്യാപാരികളുടെ ആശങ്ക. ഈ ഫീസ് അടക്കേണ്ടത് വ്യാപരികളാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഭാവിയില്‍ ഈ അധികഭാരം ഉപഭോക്താക്കളുടെ മേല്‍ തന്നെ എത്തിച്ചേരുമെന്ന ഭയവുമുണ്ട്.

വലിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ ചാര്‍ജ് നല്‍കേണ്ടി വരുന്നത് തടയാന്‍ ഉപഭോക്താക്കള്‍ പണം കൈയില്‍ കരുതണമെന്നും വ്യാപാരികള്‍ നിര്‍ദേശിക്കുന്നു. നിരക്കീടാക്കാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനം ഡിജിറ്റല്‍ ഇടപാടുകളോടുള്ള കസ്റ്റമേഴ്‌സിന്റെ താത്പര്യം കുറയ്ക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ടെങ്കിലും തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുന്നുണ്ടെങ്കിലും ഡിജിറ്റല്‍ മേഖല ശക്തിപ്പെട്ട ശേഷം നടപ്പാക്കാന്‍ അഞ്ച് വര്‍ഷം മുമ്പെടുത്ത ഈ തീരുമാനം മാറ്റില്ലെന്നാണ് വാദം. സാധാരണക്കാരുടെ സമ്പാദ്യം നശിപ്പിക്കാനുള്ള ‘ഡിജിറ്റല്‍ പേയ്‌മെന്റ് ടാക്സ്’ ആണ് ഇതെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.

 

Content Highlight: UPI payments not accepted here; traders protest by putting up a board.