500 ദിവസമായി നാഗ്പൂര്‍ ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ റിജാസിന് ജാമ്യം ലഭിക്കാത്തതിനെക്കുറിച്ചും കേസ് വിചാരണ പോലും ആരംഭിക്കാതെ നീണ്ട് പോകുന്നതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പിതാവ് സിദ്ധിഖ് സിദ്ധിഖ് എം.ബി. റിജാസിന്റെ വിചാരണ തടവിനെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട ആശങ്കള്‍ വ്യക്തമാക്കിയത്.

തടവിലായ ശേഷം മകനെ രണ്ട് തവണ മാത്രമാണ് നേരില്‍ കാണാന്‍ സാധിച്ചതെന്ന് റിജാസിന്റെ പിതാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. നാഗ്പൂര്‍ ജയിലിലേക്ക് മാറ്റി രണ്ട് മാസത്തിന് ശേഷം അവിടെ പോയി മകനെ കണ്ടു. പിന്നീട് ഏതാനും മാസം മുമ്പ് എറണാകുളം കോടതിയില്‍ ഒരു രാഷ്ട്രീയ പെറ്റിക്കേസില്‍ ഹാജരാക്കാനായി റിജാസിനെ എറണാകുളത്ത് കൊണ്ടുവന്നിരുന്നു. അന്നായിരുന്നു റജാസിനെ ഈ കാലയളവില്‍ രണ്ടാമതായി നേരില്‍ കാണാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൈകളില്‍ ചങ്ങലക്കിട്ടാണ് അന്ന് സായുധരായ ആറ് മഹാരാഷ്ട പോലിസുകാര്‍ തന്റെ മകനെ എറണാകുളത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത്. കൈകളില്‍ ചങ്ങളകളുമായാണ് ഏറ്റവും ഒടുവില്‍ തന്റെ മകനെ നേരില്‍ കാണാന്‍ സാധിച്ചതെന്നും സിദ്ധിഖ് വ്യക്തമാക്കി. ഇതല്ലാതെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും ഫോണ്‍ വഴിയും മാത്രമാണ് മകനുമായി ഇക്കാലയളവില്‍ ബന്ധപ്പെടാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റപത്രം ട്രാന്‍സിലേറ്റ് ചെയ്ത് നല്‍കാന്‍ നാല് മാസം

30 തവണയാണ് കോടതി കേസ് വിളിച്ചത്. ജാമ്യത്തിനായും കേസ് ഡിസ്ചാര്‍ജ് ചെയ്യാനുമായുള്ള ജാമ്യാപേക്ഷയാണ് കോടതിയില്‍ സമര്‍പിച്ചിട്ടുള്ളത്. ഇതുവരെ ജാമ്യാപേക്ഷ പരിഗണിച്ചിട്ടില്ല. അടുത്ത തവണ വിളിക്കുമ്പോള്‍ ഹരജി പരിഗണിക്കുമെന്ന് കരുതുന്നതായി പ്രതീക്ഷിക്കുന്നുവെന്നും സിദ്ധിഖ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

കേസില്‍ വിവിധ കാരണങ്ങളാല്‍ കാലതാമസം വന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറാഠി ഭാഷയിലായിരുന്നു കേസില്‍ കുറ്റപത്രം നല്‍കിയത്. അത് ഇംഗ്ലീഷ് ഭാഷയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത് നല്‍കാന്‍ മാത്രം നാല് മാസമെടുത്തു. അത് പല ഭാഗങ്ങളായാണ് നല്‍കിയതെന്നും അതും കാലതാമസം വര്‍ധിക്കാന്‍ കാരണമായെന്നും റിജാസിന്റെ പിതാവ് പറഞ്ഞു.

ബെഞ്ചുകള്‍ പലതവണ മാറ്റി

കേസ് പരിഗണിക്കുന്ന കോടതികള്‍ പലതവണ മാറ്റിയെന്നും സിദ്ധിഖ് പറഞ്ഞു. നാഗ്പൂര്‍ സെഷന്‍സ് കോടതി കോംപ്ലക്‌സിലെ കോടതികളാണ് കേസ് പരിഗണിച്ചത്. ആദ്യഘട്ടത്തില്‍ നാലാം നമ്പര്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഈ കേസ് പരിഗണിച്ചു. 21 തവണയാണ് ഈ കോടതി കേസ് പരിഗണിച്ചത്. ഈ കാലയളവിലാണ് കുറ്റപത്രം ഇംഗ്ലീഷിലേക്ക് ട്രാന്‍സ് ലേറ്റ് ചെയ്തതും അത് ഭാഗങ്ങളായി ലഭിച്ചതുമെല്ലാം.

22ാം തവണയും 23ാം തവണയും കേസ് മൂന്നാം കോടതിയിലാണ് വിളിച്ചത്. 24ാം തവണയും 25ാം തവണയും കേസ് ഏഴാം കോടതിയിലുമായിരുന്നു. 26 മുതല്‍ 30 വരെ ജില്ലാ കോടതി അഞ്ചാണ് കേസ് നോക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയില്‍ കൂടുതല്‍ തവണയും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കുക. കോടതിയില്‍ നേരിട്ട് മകനെ ഹാജരായത് താരതമ്യേന കുറവാണെന്നും റെജാസിന്റെ പിതാവ് അറിയിച്ചു.

സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമായി ജാമ്യം വൈകുന്നു

കേസില്‍ റെജാസിന്റെ ജാമ്യാപേക്ഷ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് അഭിഭാഷകനായ തുഷാര്‍ നിര്‍മല്‍ സാരഥി ഈ വിഷയത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. സാധാരണ ഗതിയില്‍ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കേണ്ടതാണ്. എന്നാല്‍ ഈ കേസില്‍ ജാമ്യാപേക്ഷ അത്തരത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.

യു.എ.പി.എ കേസുകളില്‍ ജാമ്യാപേക്ഷ നിശ്ചിത സമയ പരിധിക്കുള്ളില്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളോളം ജാമ്യാപേക്ഷ പെന്‍ഡിങ്ങ് വെക്കരുതെന്നും നീണ്ട് പോകരുതെന്നുമാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇതുപോലുള്ള കേസുകളില്‍ അത് നീണ്ടുപോകുന്നുവെന്നും തുഷാര്‍ പറഞ്ഞു.

വിവിധ സാങ്കേതിക തടസ്സങ്ങള്‍ കാണിച്ചാണ് അത് നീണ്ട് പോകുന്നത്. ഒരു മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഇവിടെ ചോദ്യമുനയില്‍ നില്‍ക്കുന്നത് എന്നത് കൊണ്ട് സാങ്കേതികമായ കാരണങ്ങള്‍ കാണിച്ചു കൊണ്ട് ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നീട്ടികൊണ്ട് പോകുന്നത് അനീതിയാണെന്നും തുഷാര്‍ ചൂണ്ടിക്കാട്ടി.

ജാമ്യം വേഗത്തില്‍ പരിഗണിക്കേണ്ടതാണ്. അത് പരിഗണിക്കുന്നത് നീണ്ട് പോകുന്നത് ജാമ്യം ലഭിക്കുക എന്ന അവകാശത്തെ ഇല്ലാതാക്കലാണെന്നും അഡ്വക്കേറ്റ് തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശ കമ്മീഷനിലെ പരാതി

കോടതിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ തന്റെ മകനെ ജയില്‍ അധികൃതര്‍ വസ്ത്രം അഴിച്ച് പരിശോധിക്കുമായിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. അതിനെതിരെ പിന്നീട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. പരാതി നല്‍കിയ ശേഷം ആ രീതി അവസാനിച്ച് സെന്‍സര്‍ സംവിധാനം ജയിലില്‍ സ്ഥാപിച്ച് എല്ലാ തടവുകാരെയും ദേഹ പരിശോധന അതു വഴിയാക്കിയെന്നും സിദ്ധിഖ് പറഞ്ഞു. അതിന്റെ ഗുണം മറ്റ് വിചാരണ തടവുകാര്‍ക്കു ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ മകന് നേരിടേണ്ടി വന്നത് വളരെ പരുഷമായ പെരുമാറ്റങ്ങളാണ്. പിന്നീട് റിജാസ് ഒരു മാധ്യമ പ്രവര്‍ത്തകനാണെന്നറിഞ്ഞതോടെ ഈ പെരുമാറ്റം കുറേയൊക്കെ മയപ്പെട്ടെന്നും സിദ്ധിഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ജയിലിലെ അവസ്ഥ ഭേദപ്പെട്ടാലും കോടതിയില്‍ നിന്ന് നീതി ലഭിക്കാനാണ് കാത്തിരിക്കുന്നത്. പ്രതീക്ഷകളോടെയും പ്രാര്‍ത്ഥനകളോടെയും അതിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിജാസിനെതിരായ കേസ്

കേന്ദ്ര സര്‍ക്കാരിനെയും സൈന്യത്തിന്റെ നടപടികളെയും വിമര്‍ശിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടതുമായി ബന്ധപ്പെട്ട കേസിലായിരുന്നു റിജാസിനെ മഹാരാഷ്ട്ര പൊലീസ് 2025 മേയില്‍ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് ലകഡ്ഗഞ്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Representetive Image

Representetive Image

അന്ന് റിജാസിന്റെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളുടെ പേരില്‍ മാവോയിസ്റ്റ് ബന്ധവും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ജീവിതത്തെ കുറിച്ചും മാര്‍ക്‌സിസം-ലെനിനിസത്തെക്കുറിച്ചുമുള്ള ഓരോ പുസ്തകങ്ങളും ‘ഒണ്‍ലി പീപ്പിള്‍ മേക്ക് ദെയര്‍ ഓണ്‍ ഹിസ്റ്ററി’ എന്ന പുസ്തവുമായിരുന്നു ആ ഹോട്ടല്‍ റൂമില്‍ നിന്ന് പിടിച്ചെടുത്തത്.

റിജാസ് തോക്കുമായി നില്‍ക്കുന്ന ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ചും കേസിന്റെ എഫ്.ഐ.ആറില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അത് എയര്‍ ഗണ്‍ ആണെന്ന് പിന്നീട് തെളിഞ്ഞതായി കഴിഞ്ഞ വര്‍ഷം മെയില്‍ ദ വയറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കുടുംബത്തെ കൂടുതലായി ബാധിക്കും

റിജാസിനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയില്‍ശിക്ഷ അടക്കമുള്ള സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാമെങ്കിലും അവരുടെ കുടുംബത്തെ ഇത് തകിടം മറിക്കുമെന്ന് റിജാസിന്റെ നീതിക്കായി ഇടപെടല്‍ നടത്തുന്ന കൂട്ടായ്മയായ റിജാസ് സോളിഡാരിറ്റി ഫോറം അഭിപ്രായപ്പെട്ടു.

യു.എ.പി.എ പോലുള്ള ഡ്രാക്കോണിയന്‍ നിയമങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെപ്പോലുള്ളവരെ ലക്ഷ്യമിടുന്നു. തടവും മറ്റ് നിയമ നടപടികളും നേരിടാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തയ്യാറാവാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അവരുടെ കുടുംബങ്ങളെ സംബന്ധിച്ച് അത് അപ്രതീക്ഷിതമായി കാര്യമായിരിക്കും. അത് ആ കുടുംബത്തെ കാര്യമായി ബാധിക്കുമെന്നും റിജാസ് സോളിഡാരിറ്റി ഫോറം സ്ഥാപകരിലൊരാളായ അഷ്ഫാഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

റിജാസിന്റെ പിതാവിന് ഈ കേസിനെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അതിന് കാരണമായി. എപ്പോഴാണ് ജാമ്യ ഹരജി പരിഗണിക്കുക അപ്പോള്‍ നാഗ്പൂരിലേക്ക് പോകേണ്ടി വരും. ജോലിയുടെ ഉത്തരവാദിത്തം കാരണം പെട്ടെന്ന് മാറിനിന്ന് നാഗ്പൂരിലേക്ക് പോകുന്നത് സാധ്യമല്ല. അതിനാലാണ് അദ്ദേഹം രാജിവെച്ചതെന്നും അഷ്ഫാഖ് വ്യക്തമാക്കി.

തടവിലാക്കപ്പെട്ടവരുടെ കുടുംബത്തിന്റെ ജീവിതം തലകീഴായി മറയും. ഈ പ്രതിസന്ധി കാാരണമുള്ള സാഹചര്യങ്ങളിലേക്ക് അത് ഒതുങ്ങിപ്പോവും. മറ്റുള്ള മനുഷ്യര്‍ സിംപതിയോടെയും ജഡ്ജ്മെന്റലായും കാണുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മനോഭാവത്തോടെയാണ് ഇടപെടുക. മുമ്പുണ്ടായിരുന്ന ജീവിതത്തില്‍ നിന്ന് അവരുടെ പുതിയ സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സങ്കടം കണ്ടാലേ പരിഗണിക്കൂ എന്ന നിലപാട് മാറണം

പലപ്പോഴും തടവിലാക്കപ്പെട്ടവരുടെ നീതിയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നു വരാറ് അവരുടെ കുടുംബാംങ്ങള്‍ സങ്കടപ്പെടുകയോ വൈകാരികമായി പ്രതികരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണെന്നും അഷ്ഫാഖ് ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരം വൈകാരികമായ പ്രതികരണം ഉയരുന്നില്ലെങ്കിലും നീതി നിഷേധം അവിടെ നിലനില്‍ക്കുന്നുണ്ട്. ആ നീതി നിഷേധത്തിനെതിരെ പ്രതികരിക്കാന്‍ കുടുംബാംഗങ്ങളുടെ വൈകാരിക പ്രതികരണങ്ങളിലെത്തും വരെ കാത്തിരിക്കണമെന്ന നിലപാട് സിവില്‍ സമൂഹം മാറ്റണമെന്നും അഷ്ഫാഖ് വ്യക്തമാക്കി.

വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യങ്ങളിലാണ് മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. അങ്ങനെ പ്രതികരിച്ചാല്‍ മാത്രമേ മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ചയാവൂ എന്നത് പ്രശ്നമാണ്. ചിലര്‍ക്ക് അങ്ങനെ വൈകാരികതകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയെന്ന് വരില്ല.

റിജാസിന്റെ പിതാവിന്റെ ഭാഗത്ത് നിന്ന് അത്തരം പ്രതികരണം ഒന്നും വന്നിട്ടില്ല. അദ്ദേഹം അത്തരത്തില്‍ പ്രതികരിക്കുന്ന അവസ്ഥ വരെ എത്തിക്കാതിരിക്കുക എന്നതിലൂടെയാണ് പ്രബുദ്ധത കാണിക്കേണ്ടതെന്നും അഷ്ഫാഖ് പറഞ്ഞു. സിവില്‍ സൊസൈറ്റി ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ അത് കുടുംബത്തെ ഒറ്റക്ക് ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ വിടുന്ന അവസ്ഥയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

— ജീവിതം പെട്ടെന്ന് പെട്ടെന്ന് ബ്രേക്കിട്ടപോലെ

റിജാസ് തടവിലായ ശേഷമുള്ള ഈ 16 മാസത്തെ തങ്ങളുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പിതാവ് സിദ്ധിഖ് ഡൂള്‍ ന്യൂസിനോട് സംസാരിച്ചു. റിജാസ് തടവിലായ ശേഷം വീട്ടിലെ അവസ്ഥ ആകെ മാറിപ്പോയതായി സിദ്ധിഖ് പറഞ്ഞു.

ജീവിതം പെട്ടെന്ന് പെട്ടെന്ന് ബ്രേക്കിട്ടപോലെയായി. ഈ കാര്യത്തെക്കുറിച്ച് ബന്ധുക്കളെല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നു. നാട്ടുകാരില്‍ നിന്നും പരിചയക്കാരില്‍ നിന്നും തങ്ങളുടെ കുടുംബത്തിനു നേര്‍ക്കുണ്ടായിരുന്ന സമീപനത്തില്‍ മാറ്റം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Rejaz

Rejaz

തന്റെ മകന്‍ സേവന മനോഭാവമുള്ള വ്യക്തിയായിരുന്നെന്നും സിദ്ധിഖ് ഓര്‍ത്തെടുത്തു. 2018 ലെ പ്രളയകാലത്തും പിന്നീട് 2019 ലെ കൊവിഡ് രോഗബാധയുടെ കാലത്തും റിജാസ് ദുരിത ബാധിരെ സഹായിച്ചിരുന്നു.

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ റിജാസ് പങ്കാളിയായിരുന്നു. സഹായ വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

റിജാസ് എന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

കാസര്‍ഗോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയ റിജാസ് അതിന് ശേഷം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് തിരിയുകയായിരുന്നു.

തന്റെ പഠന കാലഘട്ടം മുതലേ റിജാസ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിലും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.എയില്‍ അംഗമായിരുന്ന റിജാസ് മനുഷ്യാവകാശ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായിരിക്കെ ‘മക്തൂബ്’, ‘കൗണ്ടര്‍ കറന്റ്സ്’, ‘ഒബ്സര്‍വര്‍ പോസ്റ്റ്’ അടക്കമുള്ള മാധ്യമങ്ങളില്‍ റിജാസിന്റ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു റിജാസ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് റിജാസ് സോളിഡാരിറ്റി ഫോറം അറിയിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

പൊലീസ് അതിക്രമങ്ങള്‍, ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, ആദിവാസി സമൂഹങ്ങളുടെ നേര്‍ക്കുള്ള വംശഹത്യ, സംഘപരിവാര്‍ അജണ്ടകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും സോളിഡാരിറ്റി ഫോറം പ്രതിനിധികള്‍ പറഞ്ഞു.

Content Highlight: Malayali Journalist Rejaz M Sydeek in Jail More than 500 days in UAPA Case, No trial and Bail: Response from his Father