വരാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് മുമ്പായി യുവതാരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് മുന്‍ ആര്‍.സി.ബി താരം ശ്രീവത്സ് ഗോസ്വാമി. മൂന്നാം നമ്പറിലെ ദേവ്ദത്ത് പടിക്കലിന്റെ വരവ് ടെസ്റ്റ് ടീമില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ഗോസ്വാമി പറഞ്ഞത്.

അതേസമയം, ബാറ്റിങ് നിരയ്ക്കും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ ന്യൂസിലാന്‍ഡ് പര്യടനം വലിയൊരു വെല്ലുവിളി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശ്രീവത്സ് ഗോസ്വാമി

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു ഗോസ്വാമിയുടെ പ്രതികരണം.

‘ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഘടന വളരെ ശക്തമായതിനാല്‍ കഴിവുള്ള കളിക്കാര്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. ടെസ്റ്റില്‍ മൂന്നാം നമ്പറിലേക്ക് ശക്തനായ ഒരു കളിക്കാരനെ ഇന്ത്യ തിരയുകയായിരുന്നു, അതിനുള്ള കൃത്യമായ ഉത്തരമാണ് ദേവ്ദത്ത് പടിക്കല്‍. ഇന്ത്യയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ അവന് സാധിക്കും.

ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com

എന്നാല്‍ ഗൗതം ഗംഭീറിന് പരിശീലകന്‍ എന്ന നിലയിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ന്യൂസിലാന്‍ഡ് പരമ്പര. സ്വന്തം നാട്ടില്‍ സ്പിന്നിനെതിരെ പോലും പതറിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും ഇത് കടുത്ത പരീക്ഷണമായിരിക്കും.

ഇനി മൂന്ന് സ്ലിപ്പും ഒരു ഗള്ളിയും വച്ച്, 80 ഓവറുകളോളം പേസ് ബൗളിങ്ങുമായി കളം നിറയുന്ന ടീമിനെയാണ് പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത്,’ ഗോസ്വാമി പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരാട് കോഹ്‌ലി പടിയിറങ്ങിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘വിരാട് കോഹ്‌ലി ഇനിയും നാല് മുതല്‍ അഞ്ച് വര്‍ഷം വരെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കളിശൈലിയും മനോഭാവവും ഫിറ്റ്നസും വച്ച് നോക്കുമ്പോള്‍ അദ്ദേഹം വളരെ നേരത്തെയാണ് വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ അംബാസഡറായ അദ്ദേഹത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ നല്‍കാനുണ്ടായിരുന്നു.

മൊത്തത്തില്‍, ടി-20 ക്രിക്കറ്റിന് അമിത പ്രാധാന്യം നല്‍കുന്നത് കാരണം ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ്ങിന്റെ നിലവാരം കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഡിഫന്‍സ് ചെയ്യുക, പന്ത് ലീവ് ചെയ്യാനുള്ള കളിമിടുക്ക്, ക്ഷമ എന്നിവയിലെല്ലാം കുറവ് സംഭവിച്ചിട്ടുണ്ട്,’ ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 109.33 ശരാശരിയില്‍ രണ്ട് സെഞ്ച്വറികള്‍ അടക്കം 328 റണ്‍സാണ് പടിക്കല്‍ അടിച്ചുകൂട്ടിയത്. ഈ പ്രകടനമാണ് ഇന്ത്യക്ക് 1-0 എന്ന നിലയില്‍ പരമ്പര വിജയം സമ്മാനിച്ചത്. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും പടിക്കല്‍ തന്നെയായിരുന്നു.

ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com

ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ട് ടെസ്റ്റുകളും ഇന്ത്യയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടങ്ങളാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത സജീവമാക്കി നിര്‍ത്താന്‍ ഇനിയുള്ള പോരാട്ടങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതിലെ ആദ്യ കടമ്പയാണ് ന്യൂസിലാന്‍ഡ് പര്യടനം.

നവംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വാണ് വേദി. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ പരമ്പരയിലെ രണ്ടാം മത്സരവും അരങ്ങേറും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇതുവരെ കളിച്ച 11 മത്സരത്തില്‍ അഞ്ച് വിജയവും നാല് തോല്‍വിയും രണ്ട് സമനിലയുമായി സ്റ്റാന്‍ഡിങ്‌സില്‍ അഞ്ചാമതാണ് ഇന്ത്യ. 68 പോയിന്റും 51.52 പി.സി.ടിയുമാണ് ടീമിനുള്ളത്.

അതേസമയം, ആറ് മത്സരത്തില്‍ നാല് ജയവും ഓരോ സമനിലയും തോല്‍വിയുമായി മൂന്നാമതാണ് ന്യൂസിലാന്‍ഡ്.

 

Content Highlight: Sreevats Goswami praises Devdutt Padikkal