2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിപ്രജ് നിഗമിനെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്.
പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായാണ് ദല്‍ഹി ക്യാപിറ്റല്‍സ് താരമായ ഓള്‍റൗണ്ടറെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ക്രിസ് ശ്രീകാന്ത്. Photo: lndian Sports Netwrk/x.com
തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയിലൂടെയാണ് ശ്രീകാന്ത് സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
”പെട്ടെന്ന് എവിടെനിന്നാണ് വിപ്രജ് നിഗം ടീമിലേക്ക് വന്നത്? ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ തെരഞ്ഞെടുത്തിരിക്കുന്നത്? വരുണ്‍ ചക്രവര്‍ത്തിക്ക് പകരം വയ്ക്കാന്‍ മാത്രം അത്ര വലിയ ബൗളറാണോ അയാള്‍? എല്ലാവര്‍ക്കും ഇങ്ങനെയങ്ങ് ഇന്ത്യന്‍ ക്യാപ് വെച്ചുനീട്ടാന്‍ കഴിയില്ല. കടയില്‍ പോയി വാങ്ങാന്‍ കിട്ടുന്ന സാധനം പോലെയായിരിക്കുന്നു ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്,’ ശ്രീകാന്ത് കുറ്റപ്പെടുത്തി.

വിപ്രജ് നിഗം
മുതിര്‍ന്ന താരങ്ങളെയും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നവരെയും നിരന്തരം അവഗണിക്കുന്ന പ്രവണതയെയും ശ്രീകാന്ത് ചോദ്യം ചെയ്തു:
”രജത് പാടിദാര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ജീവിതത്തില്‍ എന്ത് തെറ്റാണ് ചെയ്തത്? ഈ ചില സെലക്ഷനുകള്‍ തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഭുവനേശ്വര്‍ കുമാറിന്റെയും ക്രുണാല്‍ പാണ്ഡ്യയുടെയും കാര്യത്തില്‍ സംഭവിക്കുന്നത് പോലെ, പ്രായം മാത്രമാകരുത് ഏക മാനദണ്ഡം. കാര്യശേഷിയും പ്രകടനവുമാണ് പ്രധാനം,’അദ്ദേഹം പറഞ്ഞു.
”മികച്ച പ്രകടനത്തിലൂടെ യുവതാരങ്ങള്‍ ഈ മുതിര്‍ന്ന കളിക്കാരെ മറികടക്കുകയാണ് വേണ്ടത്. എന്നാല്‍ യാഷ് താക്കൂറോ രവി ബിഷ്‌ണോയോ മികച്ച പ്രകടനത്തിലൂടെ അത് ചെയ്തിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. ഐ.പി.എല്‍ ടീമുകളുടെ ആദ്യ ഇലവനില്‍ പോലും ഉള്‍പ്പെടാന്‍ ഇവര്‍ക്ക് യോഗ്യതയില്ല,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ 2026ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനായി കളത്തിലിറങ്ങിയ അഞ്ച് മത്സരത്തില്‍ നിന്നും 15 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ് വിപ്രജ് നിഗമിന് നേടാന്‍ സാധിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ട്രൈനേഷന്‍ സീരീസില്‍ ഇന്ത്യ എ ടീമിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 126ല്‍ അധികം സ്‌ട്രൈക്ക് റേറ്റില്‍ 29 ശരാശരിയോടെ റണ്‍സും, 5.38 ഇക്കോണമിയില്‍ 7 വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

വിപ്രജ് നിഗം
ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണായ 2025ല്‍ 14 മത്സരങ്ങളില്‍ നിന്ന് 180 സ്‌ട്രൈക്ക് റേറ്റില്‍ 142 റണ്‍സും 11 വിക്കറ്റും താരം നേടിയിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തുടര്‍ച്ചയായ രണ്ടാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രജത് പാടിദാര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ തള്ളിക്കളഞ്ഞാണ് സെലക്ടര്‍മാര്‍ അപരിചിതരായ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നത് എന്നാണ് ശ്രീകാന്തിന്റെ പ്രധാന വിമര്‍ശനം.
സെപ്റ്റംബര്‍ 28 തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തോടെയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.
Content highlight: Kris Srikkanth opposes the decision to include Vipraj Nigam in the Indian team for the Asian Games.
