റിയാദ്: ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ശനിയാഴ്ച പുലർച്ചെ റിയാദിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന ആകാശത്തുവെച്ച് തന്നെ തകർത്തു. യെമനിലെ ഹൂത്തികൾക്കെതിരെ സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെയാണ് സംഭവം.
ബിഷ, ത്വാഇഫ്, ഫറസാൻ, യാൻബു എന്നിവിടങ്ങളിലെ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ ആക്രമണശ്രമങ്ങൾ നടത്തിയതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി എക്സ് പോസ്റ്റിൽ കുറിച്ചു.
സൗദിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ എല്ലാ ആക്രമണശ്രമങ്ങളും തകർത്തതായും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി രാജ്യത്താകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സൗദി അറേബ്യ, ശത്രുതാപരമായ വ്യോമാക്രമണ ഭീഷണി തുടരുന്നതായും മുന്നറിയിപ്പ് നൽകിയിരുന്നു.
ശനിയാഴ്ച റിയാദിൽ വൻ സ്ഫോടനശബ്ദം കേട്ടതായാണ് റിപ്പോർട്ട്. വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കറുത്ത പുക ഉയരുന്നത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
ജൂലൈയിൽ യെമനിലെ പോരാട്ടം രൂക്ഷമായതിന് ശേഷം റിയാദിൽ മുഴങ്ങുന്ന ആദ്യ വ്യോമാക്രമണ മുന്നറിയിപ്പായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ട്.
ഹൂത്തികളുടെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ പരിധിയിൽ ‘ഉചിതമായ’ നടപടികൾ സ്വീകരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് സൗദി സഖ്യസേന വക്താവ് പ്രതികരിച്ചു.
അതേസമയം, റിയാദിലെ അതീവ സുരക്ഷാ മേഖലകളും പടിഞ്ഞാറൻ തീരദേശ നഗരമായ യാൻബുവിലെ അരാംകോയുടെ എണ്ണ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീ അവകാശപ്പെട്ടു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് സൗദി അറേബ്യയെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യെമനിലെ കരയുദ്ധത്തിനിടെ തെക്കൻ മാരിബിലെ അൽ-ഫുലൈഹാൻ മേഖലയിൽ ഹൂത്തികൾ നടത്തിയ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതായി സൗദി പിന്തുണയുള്ള ഔദ്യോഗിക സൈന്യം അറിയിച്ചു.
ഏറ്റുമുട്ടലിൽ 12 ഹൂത്തി പോരാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം വ്യക്തമാക്കി. അതേസമയം, തെക്കുപടിഞ്ഞാറൻ പ്രവിശ്യകളായ തായിസിലും ലഹ്ജിലും രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ 13 യെമൻ സൈനികർ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
2022 ഏപ്രിലിലെ വെടിനിർത്തലിനെ തുടർന്ന് നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകർത്ത് ജൂലൈ ആദ്യം ആരംഭിച്ച ശക്തമായ സൈനിക നീക്കത്തോടെ മാരിബ്, തായിസ്, ലഹ്ജ്, അൽ-ജൗഫ്, അൽ-ബൈദ എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്.
ഭൂരിഭാഗം പോരാട്ടങ്ങളും ദുർഘടമായ പർവതപ്രദേശങ്ങളിലായതിനാൽ ഹൂത്തികൾക്കെതിരായ സൈനിക നീക്കങ്ങൾക്ക് പരിമിതികളുണ്ടെന്ന് സൻആ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ യാസ്മീൻ അൽ-ഇര്യാനി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ഹൂത്തികളെ പൂർണമായി പരാജയപ്പെടുത്തുന്നതിനേക്കാൾ അവരുടെ മുന്നേറ്റം തടയുന്നതാണ് നിലവിൽ പ്രായോഗികമായ സമീപനമെന്നും അൽ-ഇര്യാനി വിലയിരുത്തി.
ആക്രമണത്തെ ജോർദാൻ, ഐക്യരാഷ്ട്രസഭ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) എന്നിവർ അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ‘നഗ്നമായ ലംഘനമാണെന്ന്’ ജോർദാൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയ്ക്ക് ജോർദാന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്ന് മന്ത്രാലയ വക്താവ് ഫുആദ് മജാലി അറിയിച്ചു.
സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണത്തെയും മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന നടപടികളെയും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും അപലപിച്ചു. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലിക്കിടെയായിരുന്നു ഇരുവരുടെയും സംയുക്ത പ്രതികരണം.
Content Highlight:Saudi-led Coalition Says Air Defences Intercepted Houthi Missile Targeting Riyadh.
