സ്‌റ്റൈലിഷ് മേക്കിങ്ങിന്റെ കാര്യത്തില്‍ മോളിവുഡില്‍ എതിരാളികളില്ലാത്ത സംവിധായകനാണ് അമല്‍ നീരദ്. നായകനെ മുതല്‍ വില്ലന്റെ സഹായിയെ വരെ പക്കാ സ്റ്റൈലില്‍ അവതരിപ്പിക്കാന്‍ അമല്‍ നീരദിന് മാത്രമേ സാധിക്കുള്ളൂ. ആദ്യചിത്രമായ ബിഗ് ബി മുതല്‍ ഓരോ സിനിമയിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

അമല്‍ നീരദിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ഫോളോയിങ്ങുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. 2012ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര വിജയിച്ചിരുന്നില്ല. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഈ ചിത്രം ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സീക്വലുമായി എത്തുകയാണ് അമല്‍ നീരദ്. ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടു.

സാധാരണയായി ഒരു അമല്‍ നീരദ് ചിത്രത്തിന്റെ അപ്‌ഡേറ്റ് വരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ ഫസ്റ്റ് ലുക്കിന് തണുപ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. അമല്‍ നീരദ് എന്ന ബ്രാന്‍ഡിനൊപ്പം മോളിവുഡ് സെന്‍സേഷനായ നസ്‌ലെന്‍, കുഞ്ചാക്കോ ബോബന്‍, ചന്തു സലിംകുമാര്‍, സൗബിന്‍, ഷറഫുദ്ദീന്‍ തുടങ്ങി വലിയ സ്റ്റാര്‍ കാസ്റ്റ് ഉണ്ടായിട്ടും അധികം ചര്‍ച്ചകളൊന്നും ഈ ചിത്രത്തെക്കുറിച്ച് നടക്കുന്നില്ല.

ഇതിന് കാരണം അമല്‍ നീരദിന്റെ മുന്‍ ചിത്രമായ ബോഗെയ്ന്‍വില്ലയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. വലിയ ഹൈപ്പിലെത്തി സമ്മിശ്ര പ്രതികരണം നേടിയ ചിത്രമായിരുന്നു ബോഗെയ്ന്‍വില്ല. ഗംഭീര മേക്കിങ്ങായിരുന്നെങ്കിലും ഫോഴ്‌സ്ഡായിട്ടുള്ള സത്രീപക്ഷ സീനുകളാണ് ചിത്രത്തിന് തിരിച്ചടിയായത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ഇന്നും ട്രോള്‍ മെറ്റീരിയലാണ്.

 

അമല്‍ നീരദിന്റെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ ഉണ്ടായിരുന്നെങ്കിലും പല പ്രേക്ഷകര്‍ക്കും ദഹിക്കാതെ പോയ ബോഗെയ്ന്‍വില്ലക്ക് ശേഷം വരുന്ന ചിത്രമായതിനാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവില്‍ പലര്‍ക്കും പ്രതീക്ഷ കുറവാണ്. അപാരമായ കഴിവുണ്ടായിട്ടും ചെറിയ സിനിമകള്‍ മാത്രം ചെയ്ത് നില്‍ക്കുന്ന അമല്‍ നീരദിന്റെ സമീപനവും പലരിലും നിരാശയുണ്ടാക്കുന്നുണ്ട്.

അതേസമയം താരനിരയിലും ടെക്‌നിക്കല്‍ ക്രൂവിലും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ഡബിള്‍ സ്‌ട്രോങ്ങാണ്. ജ്യോതിര്‍മയി, ആര്‍ഷ ബൈജു, രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ക്രിസ്‌റ്റോ സേവിയറാണ് ചിത്രത്തിന്റെ സംഗീതം. നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Social media saying Bachelor Party Deux has no hype because of Bougainville