അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 222 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ താരം 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

അഭിഷേകിന് പുറമെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും തിളങ്ങിയിരുന്നു. രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തില്‍ 50 റണ്‍സുമായാണ് താരം പുറത്തായത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 57 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയിരുന്നു. ബാക് ടു ബാക്ക് ഫിഫ്റ്റി നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്രി ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ ബാക് ടു ബാക് ഫിഫ്റ്റി നേടുന്ന അഞ്ചാമത്തെ താരമായിരിക്കുകയാണ് സഞ്ജു. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 13 തവണയാണ് വിരാട് ബാക് ടു ബാക് ഫിഫ്റ്റി നേടിയത്. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും ഹിറ്റ്മാന്‍ രോഹിത് ശര്‍മയും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ത്യക്കായി ടി-20യില്‍ തുടര്‍ച്ചയായി ബാക് ടു ബാക് ഫിഫ്റ്റി നേടിയവര്‍
വിരാട് കോഹ്‌ലി – 13
സൂര്യകുമാര്‍ യാദവ് – 10
കെ.എല്‍. രാഹുല്‍ – 10
രോഹിത് ശര്‍മ – 8
സഞ്ജു സാംസണ്‍ – 4
അഭിഷേക് ശര്‍മ – 2
ഇഷാന്‍ കിഷന്‍ – 2
ശ്രേയസ് അയ്യര്‍ – 2
ശിഖര്‍ ധവാന്‍- 2
യുവരാജ് സിങ് – 2
ഗൗതം ഗംഭീര്‍ – 2
തിലക് വര്‍മ – 1
യശസ്വി ജയ്‌സ്വാള്‍ – 1
ശുഭ്മന്‍ ഗില്‍ – 1
ശിവം ദൂബെ – 1
ഋതുരാജ് ഗെയ്ക്വാദ് – 1
ശ്രേയസ് അയ്യര്‍ (20 പന്തില്‍ 29), ശിവം ദുബെ (പത്ത് പന്തില്‍ 14), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ പത്ത്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ രണ്ട് അഫ്ഗാന്‍ താരങ്ങളെ മടക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
16 പന്തില്‍ 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമര്‍സായ് രണ്ട് വിക്കറ്റും അബ്ദുള്ള അഹമ്മദ്‌സായ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Sanju Samson In Great Record Achievement In T-20 For India
