അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറവിയെടുത്തിട്ട് ഇന്ന് രണ്ട് വയസ്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യിലാണ് ഈ നേട്ടം പിറന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 297 റണ്‍സിന്റെ ടോട്ടലാണ് ഇന്ത്യ ഉയര്‍ത്തിയത്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 164ല്‍ ഒതുങ്ങുകയും ഇന്ത്യ 133 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 74 മിനിട്ട് ക്രീസില്‍ തുടര്‍ന്ന്, 47 പന്തില്‍ നിന്നും 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ആകാശം തൊട്ട എട്ട് സിക്‌സറും 11 ഫോറും അടക്കം 236.17 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

Photo: BCCI/x.com
അന്താരാഷ്ട്ര ടി-20യില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണ് ഉപ്പലില്‍ പിറവിയെടുത്തത്. റിഷാദ് ഹൊസൈനെ ഒരു ഓവറില്‍ അഞ്ച് തവണ സിക്‌സറിന് പറത്തിയ സഞ്ജു, ടി-20യില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും ചരിത്രമെഴുതി.
Sanju Samson – you beauty!🤯 #IDFCFirstBankT20ITrophy #INDvBAN #JioCinemaSports https://t.co/JsJ1tPYKgD
— JioHotstar Reality (@HotstarReality) October 12, 2024
രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തങ്ങളുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോറിലേക്ക് കൈപിടിച്ചുനടത്തുന്നതില്‍ അടിത്തറയൊരുക്കിയത്. രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും കുറിച്ചത്.
സഞ്ജുവിനൊപ്പം കട്ടയ്ക്ക് നിന്ന ക്യാപ്റ്റന്‍ സൂര്യ 35 പന്തില്‍ അഞ്ച് സിക്‌സറിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ 75 റണ്‍സ് സ്വന്തമാക്കി. 214.28 എന്ന സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

Photo: BCCI/x.com
18 പന്തില്‍ 47 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയുടെയും 13 പന്തില്‍ 34 റണ്‍സടിച്ച റിയാന്‍ പരാഗിന്റെ ഗംഭീര വെടിക്കെട്ടുകളും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി. ഒപ്പം എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 17 റണ്‍സ് കൂടി ആയതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 297 എന്ന റണ്‍മല പടുത്തുയര്‍ത്തി.
2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 260 റണ്‍സിന്റെ നേട്ടം പഴങ്കഥയാക്കിയാണ് ഇന്ത്യ തങ്ങളുടെ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്തത്.
Sanju Samson on a roll! 💥 A MAXIMUM over extra-cover off the back foot 🔥 Live – https://t.co/ldfcwtHGSC #TeamIndia | #INDvBAN | @IDFCFIRSTBank https://t.co/ZXyetT2T1U
— BCCI (@BCCI) October 12, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിലേ തിരിച്ചടിയേറ്റു. മായങ്ക് യാദവിന്റെ പന്തില്‍ റിയാന്‍ പരാഗിന്റെ കൈകളിലൊതുങ്ങി പര്‍വേസ് ഹൊസൈന്‍ എമോണ്‍ പുറത്തായി.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കി.
42 പന്തില്‍ 63 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ്‌യും 25 പന്തില്‍ 42 റണ്‍സടിച്ച ലിട്ടണ്‍ ദാസും ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു.

തൗഹിദ് ഹൃദോയ്
ഒടുവില്‍ ഇന്നിങ്‌സിലെ അവസാന പന്തും എറിഞ്ഞുതീര്‍ക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 164 എന്ന നിലയില്‍ കടുവകള്‍ അടിയറവ് പറഞ്ഞു.
ഇന്ത്യയ്ക്കായി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മായങ്ക് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനും ഇന്ത്യയ്ക്ക് സാധിച്ചു.
Content Highlight: Sanju Samson: Today marks two years since India achieved their highest T20 score.
