ടി-20യില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ
Cricket
ടി-20യില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ
സുദേവ് എ
Monday, 15th June 2026, 12:27 pm

ഇന്ത്യ-അയര്‍ലന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് ടി-20യിലെ പുതിയൊരു നാഴികക്കല്ലും സ്വന്തം പേരിലാക്കി മാറ്റാന്‍ സാധിക്കും.

ഇന്ത്യയുടെ നീല കുപ്പായത്തില്‍ 1500 ടി-20 റണ്‍സെന്ന മൈല്‍സ്റ്റോണിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഈ നേട്ടത്തിലെത്താന്‍ മലയാളി താരത്തിന് 101 റണ്‍സ് മാത്രം മതി. ഇന്ത്യക്കായി ഇതുവരെ ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം നേടിയിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി ടി-20യില്‍ എട്ട് താരങ്ങള്‍ മാത്രമാണ് 1500 റണ്‍സ് കടന്നിട്ടുള്ളൂ. വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരാണ് ഇതുവരെ 1500 റണ്‍സ് കടന്ന താരങ്ങള്‍.

അതേസമയം ഇന്ത്യ-അയര്‍ലാന്‍ഡ് പരമ്പര നടക്കുമോയെന്നതും ചോദ്യ ചിഹ്നമായി നിലനില്‍ക്കുകയാണ്. ആതിഥേയ നഗരമായ ബെല്‍ഫാസ്റ്റില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ സുരക്ഷാ ആശങ്കകള്‍ ഉയരുകയാണ്.

ആവശ്യമായാല്‍ മത്സരങ്ങള്‍ ബെല്‍ഫാസ്റ്റില്‍ നിന്ന് മറ്റൊരു സുരക്ഷിത വേദിയിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ബെല്‍ഫാസ്റ്റിലെ സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പരയുടെ ഭാവിയും ചോദ്യചിഹ്നത്തിലാകുമെന്നാണ് വിലയിരുത്തല്‍.

 

Content Highlight: Sanju Samson need 101 runs to create a new milestone in T20

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.