വിക്കറ്റ് കീപ്പറായി ഒന്നാമത്, ഓപ്പണറായി മൂന്നാമതും; ഇത് ലോകകപ്പിലെ സഞ്ജു സ്‌പെഷ്യല്‍
Cricket
വിക്കറ്റ് കീപ്പറായി ഒന്നാമത്, ഓപ്പണറായി മൂന്നാമതും; ഇത് ലോകകപ്പിലെ സഞ്ജു സ്‌പെഷ്യല്‍
ഫസീഹ പി.സി.
Sunday, 8th March 2026, 4:15 pm

2026 ടി – 20 ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്ന ഈ കലാശപ്പോരിനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ആയുസ് മാത്രമാണുള്ളത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.

ഫൈനലിന് ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ശ്രദ്ധാകേന്ദ്രം. വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടും തൂണായിരുന്നത് താരമായിരുന്നുവെന്നതാണ് ഇതിന് കാരണം. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സും ഇംഗ്ലണ്ടിനെതിരെ 89 റണ്‍സുമായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സമ്പാദ്യം.

സഞ്ജു സാംസൺ. Photo: BCCI/x.com

ഈ പ്രകടനങ്ങള്‍ സഞ്ജുവിന് രണ്ട് മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചിരുന്നു. ഈ മികവ് തന്നെ താരം ഫൈനലില്‍ നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മികച്ച പ്രകടനങ്ങളോടെ മുന്നേറുന്ന സഞ്ജു ഫൈനലിനും സൂപ്പര്‍നേട്ടങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ടി – 20 ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള വിക്കറ്റ് കീപ്പര്‍ എന്ന പട്ടമിപ്പോള്‍ താരത്തിന് സ്വന്തമാണ്. ലോകകപ്പില്‍ 105.00 താരത്തിന്റെ ശരാശരി.

ഈ നേട്ടത്തില്‍ രണ്ടാമതുള്ളത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും മൂന്നാമത് പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ്. ബട്‌ലര്‍ക്ക് 89.7 ശരാശരിയും റിസ്വാന് 70.3 ശരാശരിയുമാണുള്ളത്. ഇരുവരും 2021ലാണ് ഈ ശരാശരി കുറിച്ചത്.

സഞ്ജു സാംസൺ. Photo: BCCI/x.com

ഇതിനൊപ്പം ഓപ്പണറായും സഞ്ജുവിന് ടി – 20 ലോകകപ്പില്‍ മികച്ച ശരാശരിയുണ്ട്. ഓപ്പണറായി 77.3 ശരാശരിയാണ് താരത്തിനുള്ളത്. ഈ ലിസ്റ്റില്‍ താരത്തിന് ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും മൂന്നാമതുണ്ട്.

ടി – 20 ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന ശരാശരിയില്‍ ആദ്യ സ്ഥാനത്ത് ബട്‌ലറും രണ്ടാമതായി ഓസീസ് താരം മാത്യു ഹെയ്ഡനുമാണ്. ബട്‌ലര്‍ 2021ല്‍ നേടിയ 89.7 ശരാശരിയുമായാണ് ഒന്നാം സ്ഥാനം കൈപ്പിടിയില്‍ ഒരുക്കിയിരിക്കുന്നത്. ഹെയ്ഡനാകട്ടെ 2007 ലോകകപ്പില്‍ 88. 3 ശരാശരിയില്‍ ബാറ്റ് ചെയ്തിരുന്നു. ഇതാണ് താരത്തിന് രണ്ടാം സ്ഥാനം സമ്മാനിച്ചത്.

Content Highlight: Sanju Samson has highest average in T20 World Cup as wicket keeper while third highest as opener

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി