ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വിക്കറ്റ് കീപ്പിങ്ങിലും കയ്യടി നേടി മലയാളി താരം സഞ്ജു സാംസണ്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരുന്ന വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ മടക്കിയയച്ചിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സഞ്ജുവിന്റെ മാസ്റ്റര്‍ ബ്രെയ്നാണ്. ജെയ്മി ഓവര്‍ട്ടണ്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാനത്തെ പന്തിലാണ് അഭിഷേക് മടങ്ങിയത്.

അഭിഷേകിന്റെ ക്യാച്ച് നേടിയ സഞ്ജു വിക്കറ്റിനാണ് റിവ്യൂ എടുക്കാന്‍ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിനെ നിര്‍ബന്ധിക്കുകയായിരുന്നു. അഭിഷേകിന്റെ ക്യാച്ച് നേടിയ ശേഷം സഞ്ജു പന്ത് മുകളിലേക്കെറിഞ്ഞുകൊണ്ട് ആഹ്ലാദം പ്രകടിപ്പിച്ചെങ്കിലും ഓവര്‍ട്ടണോ മറ്റ് താരങ്ങളോ അപ്പീല്‍ ചെയ്തില്ല. എന്നാല്‍ പിന്നീട് സഞ്ജുവിന്റെ നിര്‍ദേശപ്രകാരം ചെന്നൈ റിവ്യൂ എടുക്കുകയും തേര്‍ഡ് അമ്പയര്‍ ഔട്ട് നല്‍കുകയുമായിരുന്നു.

22 പന്തില്‍ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ആറ് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് വീണ്ടും തകര്‍ത്തടിച്ചപ്പോഴാണ് കൃത്യ സമയത്ത് സഞ്ജുവിന്റെ നിര്‍ണായക നീക്കമെത്തിയത്. മത്സരത്തില്‍ അഭിഷേകിന് പുറമെ ഹെന്റിച്ച് ക്ലാസനും അര്‍ധ സെഞ്ച്വറി നേടി. 39 പന്തില്‍ 59 റണ്‍സാണ് ക്ലാസന്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്. ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്.

ചെന്നൈക്കായി അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും നേടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജെയ്മി ഓവര്‍ട്ടണ്‍, മാത്യു ഷോര്‍ട്ട്, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവാങ് കുമാര്‍, പ്രഫുല്‍ ഹിഞ്ച്, സാക്കിബ് ഹുസൈന്‍, ഇഷാന്‍ മലിംഗ.

Content Highlight: Sanju Samson Great Impact on wicket keeping with Chennai Super Kings