മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ചെന്നൈയുടെ ക്യാപ്റ്റന്‍സിയിലേക്ക് നിലവില്‍ നിരവധി ഓപ്ഷനുകള്‍ ആലോചിക്കുന്നുണ്ടെന്ന് സദഗോപന്‍ പറഞ്ഞു. ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നും അതിനാനാല്‍ അദ്ദേഹത്തെ ക്യാപ്റ്റനായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചെന്നൈയുടെ ക്യാപ്റ്റന്‍സിയിലേക്ക് നിലവില്‍ നിരവധി ഓപ്ഷനുകള്‍ ആലോചിക്കുന്നുണ്ടെന്ന് തോന്നുന്നു, ക്യാപ്റ്റന്‍സി മാറ്റം ആവശ്യമുണ്ടോ എന്ന് പോലും അവര്‍ ചിന്തിക്കുന്നുണ്ട്. സഞ്ജു സാംസണിന് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുണ്ട്, അതിനാനാല്‍ അദ്ദേഹത്തെ ക്യാപ്റ്റനായി പരിഗണിക്കണം. സി.എസ്.കെ ക്യാപ്റ്റന്‍സി മാറ്റുകയാണെങ്കില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ ഗൗരവമായി പരിഗണിക്കണം,’ സദഗോപന്‍ രമേശ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.
സഞ്ജു സാംസണ്‍
2026 ഐ.പി.എല്‍ സീസണിലാണ് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.
രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ചെന്നൈക്കൊപ്പമുള്ള ആദ്യ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
നിലവില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദാണ്. ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെങ്കില്‍ സഞ്ജുവായിരിക്കും അടുത്ത ചെന്നൈ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ സഞ്ജു ഇടം നേടിയട്ടുണ്ട്.
Content Highlight: Sadagoppan Ramesh Talking About Super Star Sanju Samson And C.S.K Captaincy
