sania[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ ഭാഗ്യദിനം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം ലഭിച്ചതിന് പിന്നാലെ ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്ക് സ്വര്‍ണം. സാനിയ മിര്‍സ- സാകേത് സായ് സഖ്യമാണ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി സ്വര്‍ണം നേടിയത്.

44 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനീസ് തായ്‌പേയുടെ യിന്‍ ഹസ്യേന-പെങ്ചിങ് ഹാവൊ ചാന്‍ സഖ്യത്തെ 6-4, 6-3 എന്നീ സ്‌കോറുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ ചൈനയുടെ ജീ സെംഗ്- സീ സാംഗ് സഖ്യത്തെ  (6-1, 6-3)ന് കീഴ്‌പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.

2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ ലിയാണ്ടര്‍ പേസിനൊപ്പം സ്വര്‍ണം നേടിയ സാനിയയുടെ രണ്ടാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. അതേസമയം പുരുഷന്മാരുടെ ഡബിള്‍സ് ഫൈനലില്‍ സനം സിങ്-സാകേത് സായി സഖ്യം വെള്ളി നേടി. ഒരു മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ ഹ്യോണ്‍ ചുങ്-യോങ്ക്യു ലിം സഖ്യത്തോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

ഇതോടെ ഇഞ്ചിയോണിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി. ആറ് സ്വര്‍ണവും ആറ് വെള്ളിയും 26 വെങ്കലമെഡലും നേടിയ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്‍പതാം സ്ഥാനത്താണ്.