പത്തനംതിട്ട: ശബരിമലയിലെ മാലിന്യ സംസ്‌കരണം സര്‍ക്കാറിന് വലിയ വെല്ലുവിളിയാകുന്നു. തീര്‍ത്ഥാടക കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായ സംവിധാനങ്ങള്‍ ഒന്നും തന്നെ നിലവില്‍ ശബരിമലയില്‍ ഇല്ല. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ പദ്ധതികളെല്ലാം നിലച്ച മട്ടാണ്.
ശബരിമലയില്‍ നാലുവര്‍ഷം മുമ്പ് ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. അഞ്ചുദശലക്ഷം ലിറ്റര്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റെന്ന അവകാശവാദത്തോടെയാണ് ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ചത്. എന്നാല്‍ അതിപ്പോള്‍ പ്രവര്‍ത്തനം നിലച്ച മട്ടാണ്.
പരമാവധി 28 ദശലക്ഷം ലിറ്റര്‍ മലിനജലം മാത്രമാണ് പ്ലാന്റിലെത്തിയിരുന്നത്. അതുതന്നെ സംസ്‌കരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ പ്ലാന്റിന്റെ തകരാറുകള്‍ പരിഹരിച്ചിട്ടില്ലെന്ന് കാണിച്ച് മാലിന്യ സംസ്‌കരണ ബോര്‍ഡ് കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പ്ലാന്റിലേക്ക് മലിനജലം എത്തിക്കുന്ന കുഴലുകള്‍ നിലവാരം കുറഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പമ്പയിലെ രാസമാലന്യ പ്ലാന്റ് പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റിലെ ഉപകരണങ്ങള്‍ തകരാറിലാവുകയും ചെയ്തിരുന്നു.
സന്നിധാനത്തെ ജൈവ മാതൃകയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റും തകരാറിലാണ്. 23.5 കോടി രൂപ ചിലവിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ജൈവമാലിന്യ മാതൃകയിലുള്ള പ്ലാന്റായ ഇത് നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണത്തിലെ പാളിച്ച കാരണം ഇതില്‍ വരുന്ന മാലിന്യം ശരിയായ സംസ്‌കരിക്കാന്‍ പറ്റാതായി.

നിലയ്ക്കലിലെ ശൗചാലയ ടാങ്കിന് സംഭരണ ശേഷി കുറവായതും പ്രതിസന്ധിയുണ്ടാക്കുന്നു. 40 ലിറ്റര്‍ ശേഷിയുള്ള ഈ ടാങ്ക് 420 ശൗചാലങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇവിടെ ദിവസം 50,000 പേര്‍ വിശ്രമിക്കുമെന്നാണ് കണക്ക്. അവര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 400 ശൗചാലയങ്ങള്‍ കൂടി ഇവിടെ നിര്‍മ്മിക്കും. അങ്ങനെ വന്നാല്‍ ടാങ്കിന് ഈ മാലിന്യങ്ങള്‍ സംഭരിക്കാന്‍ കഴിയാതെ വരും. ഇവിടെയാണെങ്കില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുമില്ല.
എളുപ്പമല്ല പരിഹാരം
നിലയ്ക്കലില്‍ ഉടന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്നതാണ് പ്രശ്‌നം പരിഹരിക്കാന്‍ ഏറ്റവും നല്ല വഴിയെന്നാണ് ശബരിമല എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അജിത് കുമാര്‍ പറയുന്നത്. എന്നാല്‍ ഇത് പെട്ടെന്ന് നടക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പില്ല. പമ്പയിലെ പ്ലാന്റ് ശരിയാക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ഇത് ശരിയാക്കാന്‍ ഒരു കോടിയിലധികം രൂപവരുമെന്നാണ് കണക്ക്. 20 ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രവൃത്തികള്‍ക്ക് ഹൈക്കോടതി അനുമതിയും വേണം. പുഴയോരത്ത് ആയതിനാല്‍ പ്ലാന്റിന് കോടതി അനുമതി നല്‍കുമെന്ന കാര്യം സംശയമാണെന്നാണ് ഉദ്യോഗസ്ഥന്‍മാര്‍ തന്നെ പറയുന്നത്.
പ്രതിസന്ധിയുടെ ആക്കം കൂട്ടി പ്രളയം
പ്രളയത്തില്‍ പമ്പയിലെ 250 ശൗചാലയങ്ങള്‍ നശിച്ചിരുന്നു. അതിനു പകരം ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചെങ്കിലും മൂന്നുദിവസം കൊണ്ട് ഇത് നിറയുന്നതാണ് കണ്ടത്. ഈ മാലിന്യം പമ്പയില്‍ സംസ്‌കരിക്കാന്‍ കഴിയില്ല. ഈ മാലിന്യം 12000 ലിറ്റര്‍ വീതം 16 ലോറികളിലായി നിലയ്ക്കലിലെത്തിച്ചാണ് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്. മാലിന്യ സംസ്‌കരണത്തിനുള്ള പല സംവിധാനങ്ങളും പ്രളയത്തില്‍ തകരുകയും ചെയ്തിരുന്നു.
വെല്ലുവിളിയായി അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് സന്നിധാനത്തും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സന്നിധാനത്തും പരിസര പ്രദേശത്തെ വനത്തിലും വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിലൊരു നടപടിയുമായി മുന്നോട്ടുപോയത്.

എന്നാല്‍ ഈ നിരോധനംകൊണ്ട് കാര്യമായ വലിയ മാറ്റമൊന്നുമുണ്ടായില്ല. ഭക്തര്‍ പൂജാദ്രവ്യങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും ഇവിടെ ഉപേക്ഷിക്കുന്നത് തുടരുകയാണ്. പ്ലാസ്റ്റിക് നിരോധനമുള്ള കാര്യം പോലും അറിയില്ലെന്നാണ് ഇവിടെയെത്തുന്ന ഭക്തര്‍ പറയുന്നത്. ഇവ സംസ്‌കരിക്കാന്‍ സന്നിധാനത്ത് നിലവില്‍ വലിയ സംവിധാനങ്ങളൊന്നുമില്ല. ഇവ ഒന്നിച്ച് കുഴിച്ചുമൂടുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നത്.
