മോസ്‌കോ: ഉക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. 72 മണിക്കൂര്‍ സമയത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മെയ് എട്ട് അര്‍ധരാത്രി മുതല്‍ മെയ് 10 അര്‍ധരാത്രി വരെ റഷ്യന്‍ സൈന്യം പോരാട്ടം നിര്‍ത്തിവെക്കുമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.

താത്കാലിക വെടിനിര്‍ത്തലില്‍ ഉക്രൈന്‍ പങ്കുചേരണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഏതെങ്കിലും രീതിയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ഉക്രൈനെതിരെ ശക്തമായി പ്രതികരിക്കുമെന്നും റഷ്യ അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധ ചരിത്രത്തിലെ പ്രധാനപ്പെട്ട തീയതിയാണ് മെയ് ഒമ്പത്. സോവിയറ്റ് യൂണിയനും ഏതാനും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും ‘നാസിസത്തിനെതിരായ വിജയദിനം’ എന്ന നിലയിലാണ് മെയ് ഒമ്പതിനെ കണക്കാക്കുന്നത്.

ജര്‍മന്‍ സൈന്യം ബെര്‍ലിനില്‍ കീഴടങ്ങിയ ദിവസം കൂടിയാണിത്. മറ്റു പല രാജ്യങ്ങളും മെയ് എട്ടിനാണ് നാസിസത്തിനെതിരായ വിജയദിനം ആഘോഷിക്കുന്നത്. സമയവ്യത്യാസം കാരണമാണ് മെയ് ഒമ്പത് ‘വിജയദിന’മായി സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം 2025 ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ചും ഉക്രൈനില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

‘മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ റഷ്യ ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു. ഈ കാലയളവില്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഞാന്‍ ഉത്തരവിടുന്നു,’ ക്രെംലിനില്‍ നടന്ന യോഗത്തില്‍ സൈനിക മേധാവി വലേരി ജെറാസിമോവിന് പുടിന്‍ നല്‍കിയ നിര്‍ദേശം.

സമാധാന ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുമെന്ന് യു.എസ് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയായിരുന്നു പുടിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വീണ്ടുംഅമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതുമുതല്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി ഡൊണാള്‍ഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

റഷ്യയുമായി നടത്തിയ നീക്കുപോക്കുകളും വിജയം കണ്ടിരുന്നില്ല. പിന്നാലെയാണ് ട്രംപ് സമാധാന ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

Content Highlight: Russia announces temporary ceasefire in Ukraine