പുഷ്പ പോലെ വലിച്ചുനീട്ടാന്‍ വയ്യ, അടുത്ത പടം വേഗം ചെയ്യാനുണ്ട്; രാക്കയ്ക്ക് ഡെഡ്‌ലൈന്‍ നല്‍കി അല്ലു അര്‍ജുന്‍
Indian Cinema
പുഷ്പ പോലെ വലിച്ചുനീട്ടാന്‍ വയ്യ, അടുത്ത പടം വേഗം ചെയ്യാനുണ്ട്; രാക്കയ്ക്ക് ഡെഡ്‌ലൈന്‍ നല്‍കി അല്ലു അര്‍ജുന്‍
അമര്‍നാഥ് എം.
Friday, 10th July 2026, 9:54 pm

രാജമൗലിയുടെ സഹായമില്ലാതെ തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയ താരമാണ് അല്ലു അര്‍ജുന്‍. ഡബ്ബ്ഡ് സിനിമകളിലൂടെ കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലെ അല്ലു നേടിയ ഫാന്‍ ബേസ് പല താരങ്ങള്‍ക്കും സ്വപ്‌നമാണ്. പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് ഇരട്ടിയാക്കാനും അല്ലുവിന് സാധിച്ചു. ടോളിവുഡിലെ ബ്രാന്‍ഡാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍.

പുഷ്പയുടെ വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമകളിലാണ് അല്ലു ശ്രദ്ധ നല്‍കുന്നത്. ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ അറ്റ്‌ലീക്കൊപ്പമാണ് ഇപ്പോള്‍ താരം പ്രവര്‍ത്തിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് രാക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷനും ആക്ഷനും ചേര്‍ത്ത് ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളിലെത്തുന്നത്.

2025ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് ഡിസംബറിനുള്ളില്‍ തീര്‍ക്കാന്‍ അല്ലു അര്‍ജുന്‍ അറ്റ്‌ലീയോട് ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു സിനിമക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ നല്‍കാന്‍ പ്ലാനില്ലാത്തതുകൊണ്ടാണ് അല്ലു ഇത്തരമൊരു നീക്കം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ചിത്രമായ ജവാന്‍ ഇത്തരത്തില്‍ ഷൂട്ട് നീണ്ടുപോയിരുന്നു.

പുഷ്പയുടെ രണ്ട് ഭാഗങ്ങള്‍ക്കും വേണ്ടി കരിയറിലെ അഞ്ച് വര്‍ഷമാണ് അല്ലു മാറ്റിവെച്ചത്. 2019ന്റെ അവസാനത്തോടെ ആരംഭിച്ച പുഷ്പ രണ്ട് ഭാഗങ്ങളിലേക്ക് മാറ്റുകയായിരുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ട് അനിശ്ചിതമായി നീണ്ടുപോയതോടെ അല്ലുവും സംവിധായകന്‍ സുകുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ഡെഡ്‌ലൈന്‍ നല്‍കുന്നതെന്ന് ആരാധകര്‍ അനുമാനിക്കുന്നു.

രാക്കക്ക് ശേഷം അടുത്ത പ്രൊജക്ടിലേക്ക് വേഗത്തില്‍ അല്ലു അര്‍ജുന്‍ കടന്നേക്കുമെന്നാണ് കരുതുന്നത്. തമിഴ് സംവിധായകന്‍ ലോകേഷുമായാണ് അല്ലു അടുത്തതായി കൈകോര്‍ക്കുന്നത്. എല്ലാവരെയും ഒരുപോലെ നിരാശപ്പെടുത്തിയ കൂലിക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് AA 23 എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍.

അതേസമയം രാക്കയുടെ കഥയെക്കുറിച്ച് യാതൊരു സൂചനയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് അല്ലു രാക്കയില്‍ പ്രത്യക്ഷപ്പെടുന്നത്. 600 കോടിയിലേറെ ചെലവഴിച്ച് ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ദീപിക പദുകോണ്‍, രശ്മിക മന്ദാന, ഫെമിന ജോര്‍ജ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

Content Highlight: Reports that Allu Arjun gives deadline to Atlee for finish Raaka movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം