മെസിക്ക് ശേഷം റഫീന്യ; ബാഴ്‌സയുടെ തുറുപ്പ് ചീട്ടാണിവൻ!
Football
മെസിക്ക് ശേഷം റഫീന്യ; ബാഴ്‌സയുടെ തുറുപ്പ് ചീട്ടാണിവൻ!
ഫസീഹ പി.സി.
Tuesday, 17th March 2026, 9:04 am

ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സലോണ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ സെവിയ്യയെയാണ് കറ്റാലൻ പട തകർത്തുവിട്ടത്. മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾ ക്കായിരുന്നു ടീമിന്റെ വിജയം.

ഇതോടെ സീസണിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കാനും ഒന്നാം സ്ഥാനം നിലനിർത്താനും ബാഴ്‌സയ്ക്ക് സാധിച്ചു. ഇതിനൊപ്പം ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലായി ഉയർത്തുകയും ചെയ്തു.

റഫീന്യ. Photo: FCBarcelona

മത്സരത്തിൽ ബാഴ്സക്കായി മിന്നും പ്രകടനം നടത്തിയത് ബ്രസീലിയൻ ഫുട്ബോളർ റഫീന്യയാണ്. താരം സെവിയ്യക്കെതിരെ ഹാട്രിക്ക് നേടിയാണ് കരുത്ത് കാട്ടിയത്. ഒമ്പതാം മിനിട്ടിൽ പെനാലിറ്റിയിലൂടെയാണ് താരം തന്റെ ഗോൾ നേടിയത്.

ഏറെ വൈകാതെ റഫീന്യ തന്റെ രണ്ടാമത്തെ ഗോളും അടിച്ചു. 21ാം മിനിട്ടിലായിരുന്നു ബാഴ്‌സ ഫോർവേർഡിന്റെ ഗോൾ നേട്ടം. ഈ ഗോളും പെനാൽറ്റിയിലൂടെയായിരുന്നു. രണ്ടാം പകുതിയിലാണ് താരം തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. താരത്തിന്റെ മൂന്നാം ഗോൾ പിറന്നത് 51ാം മിനിട്ടിലായിരുന്നു.

ഇതോടെ ഒരു നേട്ടം റഫീന്യ തന്റെ പേരിൽ എഴുതി ചേർത്തു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സെവിയ്യക്ക് എതിരെ ഹാട്രിക്ക് നേടുന്ന ആദ്യ ബാഴ്‌സ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. റഫീന്യയ്ക്ക് മുമ്പ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയാണ് സെവിയ്യയുടെ പോസ്റ്റിലേക്ക് അടിച്ച് കയറ്റിയത്.

2019ൽ സെവിയ്യക്കെതിരെയുള്ള ഹാട്രിക്ക് നേട്ടം ആഘോഷിക്കുന്ന ലയണൽ മെസി . Photo: Espn

2019ലാണ് മെസി സെവിയ്യക്ക് എതിരെ ഹാട്രിക്ക് സ്വന്തമാക്കിയത്. 26, 67, 85 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. അന്ന് ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. അതിന് ശേഷം സെവിയ്യയെ പല തവണ ഏറ്റുമുട്ടിയിട്ടും ഒരു ബാഴ്സ താരത്തിന് പോലും ഹാട്രിക്ക് നേടാനായിരുന്നില്ല.

അതേസമയം, റഫീന്യയ്ക്ക് പുറമെ ബാഴ്സക്കായി ഡാനി ഓൽമോയും ജാവോ ക്യാൻസലോയും ഓരോ ഗോളുകൾ വീതം അടിച്ച് വല കുലുക്കി. ഓൽമോ 38ാം മിനിട്ടിൽ പന്ത് വലയിലെത്തിച്ചപ്പോൾ 60ാം മിനിട്ടിലായിരുന്നു ക്യാൻസലോയുടെ ഗോൾ നേട്ടം.

Content Highlight: Raphinha is the first Barcelona player in seven years to score a hat-trick against Sevilla, after Lionel Messi

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി