ന്യൂദല്‍ഹി: നിയമപരമായ ചര്‍ച്ചകളും സൂക്ഷ്മപരിശോധനയും നടത്താതെ നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് എം.പി ആനന്ദ് ശര്‍മ്മ. മുത്തലാഖ് വിരുദ്ധ ബില്ല് പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബില്ലിനെ ആരും എതിര്‍ക്കുന്നില്ല. പക്ഷെ അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ബില്‍ സെലക്ഷന്‍ കമ്മിറ്റിയ്ക്ക് വിടണമെന്നാണ് പ്രതിപക്ഷത്തുള്ള എല്ലാവരും ആവശ്യപ്പെടുന്നത്.”

വിശദമായ പരിശോധനകള്‍ നിയമനിര്‍മ്മാണത്തിന് മുന്‍പ് ആവശ്യമാണ്. ലോക്‌സഭയില്‍ ബില്‍ പാസായിട്ടുണ്ടെങ്കില്‍ പോലും രാജ്യസഭ റബ്ബര്‍ സ്റ്റാംപല്ലെന്ന് മനസിലാക്കുക- ആനന്ദ് ശര്‍മ്മ പറഞ്ഞു.

ALSO READ: പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം: ഫ്‌ളൈ ഓവര്‍ “മോദിയെക്കൊണ്ട്” ഉദ്ഘാടനം ചെയ്യിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍

സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് വിരുദ്ധ ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനായിരുന്നില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. ബഹളംമൂലം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

നേരത്തെ ബില്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഇടത് എം.പിമാര്‍ രാജ്യസഭാ അധ്യക്ഷന് കത്ത് കൈമാറിയിരുന്നു. ഇതേ ആവശ്യവമായി ഭരണ കക്ഷിയായ ജെ.ഡി.യു രംഗത്തെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി.

ALSO READ: “ആരാണ് സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം ഇല്ലാതാക്കിയത്?” രാഹുല്‍ ഗാന്ധിയോട് അരുണ്‍ ജെയ്റ്റ്‌ലി

എന്നാല്‍ സര്‍ക്കാര്‍ ഇതിനു തയാറാകാതെ വന്നതോടെ എ.ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു.

ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുപക്ഷവും രൂക്ഷമായ വാക്പോരാണ് നടത്തിയത്. പലവട്ടം സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഡി.എം.കെ, ഡി.എം.കെ, ഇടതു പാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവരാണ് ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നത്. പ്രതിഷേധമുയരുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വിപ്പ് പുറപ്പെടുവിച്ചിരുന്നു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ 11നെതിരേ 245 വോട്ടിനാണ് ലോക്‌സഭയില്‍ പാസാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഡി.എം.കെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

WATCH THIS VIDEO: