ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ ഉഭ ഗ്രാമത്തലവനും സംഘവും വെടിവെച്ചു കൊന്ന പത്ത് ദളിതരുടെ കുടുംബാംഗങ്ങളെ കാണുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും എത്തുന്നു. നാളെയാണ് ഉഭ ഗ്രാമം പ്രിയങ്ക ഗാന്ധി വീണ്ടും സന്ദര്‍ശിക്കുക.
ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഭവത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ക്രമങ്ങളെ കുറിച്ചും പ്രിയങ്ക ഗാന്ധി ഇരകളോട് നേരിട്ട് സംസാരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും വേണ്ട സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനും തുടങ്ങിയെന്നും സുരക്ഷ വക്താവ് അറിയിച്ചു.
ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയിലേക്ക് യാത്ര തിരിച്ചിരുന്നു.
തുടര്‍ന്ന് പ്രിയങ്കയെ അവിടേക്ക് പറഞ്ഞയക്കാതെ പൊലീസ് തടഞ്ഞിരുന്നു. അന്ന് രാത്രി മുഴുവന്‍ അവിടെയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ കാണാന്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ വന്നിരുന്നു.
