തമിഴിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയ ഭവാനി ശങ്കര്‍. ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച് തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. 2017ല്‍ പുറത്തിറങ്ങിയ മീയാത മാന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ പ്രിയക്ക് സാധിച്ചു.

എന്നാല്‍ പ്രിയയുടെ കഴിഞ്ഞ ചില സിനിമകള്‍ പ്രതീക്ഷിച്ച വിജയമായില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡിമോണ്ടി കോളനി 2വിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രിയക്ക് സാധിച്ചു. സിനിമയില്‍ നില്‍ക്കുന്ന കാലത്തോളം താന്‍ ചെയ്യില്ലെന്ന് ഉറപ്പുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ ഭവാനി ശങ്കര്‍.

തന്റെ ശരീരം കാണിച്ചുകൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ നില്‍ക്കില്ലെന്ന് പ്രിയ പറഞ്ഞു. ശരീരപ്രദര്‍ശനത്തിലൂടെ സിനിമയെ ബിസിനസ്സ് ചെയ്യുന്നത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും താന്‍ അതിന് നില്‍ക്കില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

തന്റെ ജോലി അഭിനയിക്കുക എന്നത് മാത്രമാണെന്നും മോശം ക്യാരക്ടറാണെങ്കിലും അതില്‍ പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ആ കഥാപാത്രം ചെയ്യുമെന്നും പ്രിയ പറഞ്ഞു. തന്റെ ശരീരവടിവ് കണ്ട് പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തണമെന്ന് ഒരിക്കലും ചിന്തിക്കുന്നില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ബ്ലാക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഞാന്‍ എന്നെത്തന്നെ സെല്ലിങ് ഫാക്ടര്‍ ആക്കില്ല. എന്റെ ശരീരപ്രദര്‍ശനം കണ്ട് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരണമെന്ന ചിന്ത എനിക്കില്ല. ശരീരപ്രദര്‍ശനം ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷേ ഞാന്‍ അത്തരം കാര്യത്തോട് കൂട്ടുനില്‍ക്കില്ല.

ഒരു സിനിമ ചെയ്യാന്‍ നേരത്ത് സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റം വരുത്തണമെങ്കിലോ അല്ലെങ്കില്‍ കഥാപാത്രത്തെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചാലോ എന്നുള്ള സജഷന്‍ ഞാന്‍ സ്വീകരിക്കും. അല്ലാതെ എന്റെ ശരീരം കുറച്ചുകൂടി എക്‌സ്‌പോസ് ചെയ്യണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. മോശം ക്യാരക്ടറാണെങ്കില്‍ കൂടി എന്തെങ്കിലും പെര്‍ഫോം ചെയ്യാനുണ്ടെങ്കില്‍ ഞാനത് ചെയ്യും,’ പ്രിയ പറഞ്ഞു.

Content Highlight: Priya Bhavani Shankar saying that she never do exposing scenes