മലയാള സിനിമയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും പുതിയ ചിത്രമായ ഐ, നോബിഡി  ഇന്നലെ (വ്യാഴം) തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിനും പൃഥ്വിരാജ് അഭിനയിച്ച രാജീവൻ എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താൻ സിനിമകൾ തെരെഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് പറയുകയാണ് നടൻ. ദി ക്യൂ വിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

പൃഥ്വിരാജ്.photo.screen grab/youtube

‘കൃത്യമായ പ്ലാൻ ഉണ്ടാക്കി ഡിസൈൻ ചെയ്ത് മുന്നോട്ട് പോകാൻ പറ്റുന്ന ഒരു മേഖലയല്ല സിനിമ. തീർച്ചയായും നമുക്ക് പ്ലാൻ ചെയ്യാം, ഈ സിനിമ കഴിഞ്ഞാൽ അടുത്തത് ഏതാണ് ചെയ്യാൻ പോകുന്നതെന്ന്. ഏകദേശം ഒരു ഐഡിയ ഉണ്ടാക്കാം എന്നതിനപ്പുറം, കൃത്യമായി ഒരു പ്ലാൻ കൊണ്ടുപോകാൻ പറ്റില്ല. കാരണം നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒട്ടനവധി കാര്യങ്ങളാണ് ഈ ഷെഡ്യൂളുകളെ നിശ്ചയിക്കുന്നത്. അത്തരം ഒരു സ്വഭാവം ഈ മേഖലയ്ക്കുണ്ട്.

ഞാൻ തുടക്കം മുതലേ എങ്ങനെയാണോ സിനിമകൾ തെരഞ്ഞെടുത്തിരുന്നത്, അങ്ങനെ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. അടുത്തതായി ഞാൻ മലയാളത്തിൽ ചെയ്യുന്ന സിനിമയായാലും മറ്റ് ഭാഷകളിൽ ചെയ്യുന്ന സിനിമയായാലും പ്രോസസ്സ് ഒന്നുതന്നെയാണ്. ഒരാൾ ഒരു ദിവസം വിളിച്ച് സ്ക്രിപ്റ്റ് കേൾക്കണമെന്ന് ആവശ്യപ്പെടുന്നു, നമ്മൾ അത് കേൾക്കുന്നു, അത്രയും ലളിതമായ ഒരു പ്രോസസ്സാണിത്. അല്ലാതെ കരിയറിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ എത്തിക്കഴിയുമ്പോൾ നമ്മൾ അതിനെക്കുറിച്ച് വലിയ ബോധവാന്മാരാവുകയും, വലിയ പ്ലാനുകൾ ഉണ്ടാക്കി അതനുസരിച്ച് മാത്രം മുന്നോട്ട് പോവുകയും ചെയ്യുക എന്നത് പ്രായോഗികമല്ല. ഒരുപക്ഷേ അങ്ങനെ ചെയ്യുന്നവരും ഉണ്ടാകാം, എനിക്കറിയില്ല. പക്ഷേ പൂർണ്ണമായും അങ്ങനെ പ്ലാൻ ചെയ്യാൻ പറ്റുന്ന ഒരു മേഖലയല്ല സിനിമ’, പൃഥ്വിരാജ് പറഞ്ഞു.

വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഖലീഫ’യുടെ ചിത്രീകരണം താരം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനൊപ്പം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം വാരാണസി, മേഘ്ന ഗുൽസാറിന്റെ ദായ്റ, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒടിയൻ: ദ ഏജ് ഓഫ് ഇല്ല്യൂഷൻ  എന്നിവയുൾപ്പെടെ നിരവധി വമ്പൻ പ്രോജക്ടുകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

പൃഥ്വിരാജ്.photo.screen grab/youtube

Content Highlight: Prithviraj talks about how he choose movies