പോത്തുണ്ടി ഇരട്ടക്കൊലപാതകം: സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി
Kerala News
പോത്തുണ്ടി ഇരട്ടക്കൊലപാതകം: സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി
ആദർശ് എം.കെ.
Saturday, 8th August 2026, 7:04 pm

 

പാലക്കാട്: പോത്തുണ്ടിയില്‍ ക്രൂരമായി കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കുട്ടികള്‍ക്ക് ജോലി നല്‍കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നടപടി. ജോലി ഉറപ്പാക്കുമെന്ന കാര്യം മന്ത്രി നേരിട്ട് കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ജൂലൈ 20ന് വധശിക്ഷ വിധിച്ചിരുന്നു.

പ്രതി 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും, പ്രതിക്ക് അതിന് സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ആ തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.

2025 ജനുവരിയിലായിരുന്നു നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതിയായ ചെന്താമര പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര വീണ്ടും ഈ കൊടുംക്രൂരത ചെയ്തത്.

രണ്ടാമത്തെ കൊലപാതകത്തിന് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

 

Content Highlight: Pothundi double murder: Home Minister assures government jobs for Sudhakaran and Sajitha’s children.

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.