തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോ-ലീ-ബി കാലം തൊട്ട് ആരംഭിച്ച കൂട്ട് കെട്ട് ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ രണ്ടുപേരും പരസ്പരം സഹായിച്ചുവെന്നും അതുകൊണ്ട് ഭരണത്തിലെത്തിയപ്പോള്‍ ബന്ധം കൂടുതല്‍ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോ-ലീ-ബി സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇന്നും നിര്‍ബാധം തുടരുന്നു എന്നുള്ളതാണ് നമുക്ക് കാണാന്‍ കഴിയുന്ന വസ്തുത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം സഹായിച്ച രീതി ഭരണതലത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തീവ്രമായ രീതിയില്‍ തുടരുന്നു എന്നുള്ളതും സത്യമാണ്,’ അദ്ദേഹം പറഞ്ഞു.

ഇ.ഡി കേസ് ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇത് പിണറായി വിജയനെ ലക്ഷ്യമിട്ടിട്ടുള്ള ഒന്നാണെന്ന് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇ.ഡി ഉണ്ടാക്കിയ മൊഴിയില്‍ ഓരോ മൊഴികളും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പിന്‍വലിക്കപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കുക എന്ന കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നത്.

യു.ഡി.എഫ് ഭരണ സഭയില്‍ അതായത് സഭയില്‍ അനധികൃതമായി പണം വാങ്ങി എന്ന് സമ്മതിച്ച രണ്ടു മന്ത്രിമാരുണ്ട്. ആ രണ്ടംഗങ്ങളും മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടെയുണ്ട്. മുഖ്യമന്ത്രിയുണ്ട്, പിന്നെ ആഭ്യന്തര വകുപ്പ് മന്ത്രിയുണ്ട്, വ്യവസായ, ആരോഗ്യ മന്ത്രിയുണ്ട്. താന്‍ വാങ്ങിയ പണം എത്രയെന്നും അത് എന്തിനായിരുന്നു എന്നും വ്യക്തമാക്കേണ്ടതായിട്ടുണ്ട്.

ഇലക്ഷന്റെ ഫണ്ടുമായി ബന്ധപ്പെട്ടിട്ടാണെന്നൊക്കെയാണ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ 20,000ത്തില്‍ കൂടുതല്‍ വരുന്ന തുക അക്കൗണ്ടിലൂടെ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. നേരിട്ട് അതിലധികം വാങ്ങാന്‍ യാതൊരു അവകാശവും നിയമപരമായിട്ടില്ല.

അപ്പൊ നിയമത്തെ മറികടന്നുകൊണ്ട് ഇത്തരം ഒരു നടപടി ഇപ്പോ മന്ത്രിസഭയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ട്.
എന്നുള്ളത് പകല്‍ വെളിച്ചം പോലെ സത്യമാണ്,’ ഗോവിന്ദന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് ആവശ്യത്തിന് എന്ന് പറയുന്ന ഇവര്‍ കണക്ക് സമര്‍പ്പിച്ച കണക്കിന്റെ കൂട്ടത്തില്‍ ഇതെങ്ങനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നുള്ളതും അറിയേണ്ടതുണ്ട്. കാരണം ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇരുപതിനായിരത്തില്‍ കൂടുതല്‍ പണം കയ്യില്‍ വാങ്ങാന്‍ പറ്റില്ല. വാങ്ങണമെങ്കില്‍ പൂര്‍ണമായിട്ടും ചെക്ക് അടിസ്ഥാനത്തില്‍ വാങ്ങണം.

അതിന്റെ പാന്‍കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടാണ് ഇലക്ഷന്‍ കമ്മീഷന്‍ അയക്കേണ്ടത്. അപ്പോ ഇതൊന്നും അയച്ചില്ല എന്നുള്ളത് വളരെ വ്യക്തമാണല്ലോ… കമ്പനിക്ക് അധികം ചെലവുണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടാണ് ഇ.ഡി രംഗത്ത് വന്നത്.

യഥാര്‍ത്ഥ കുറ്റവാളികളെക്കുറിച്ച് അന്വേഷിക്കാതെ രാഷ്ട്രീയമായ ഉന്നം വെച്ചുകൊണ്ട് പിണറായിയെയും ഇപ്പോ റിയാസിനെയും ഇതിന്റെ ഭാഗം ആക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Modi-ED-VD nexus; Congress is acting as the BJP’s ‘B-team’ in Kerala: M.V. Govindan.