ജപ്പാനെതിരായ സുസൂക്കി കപ്പില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്.

മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നുവെന്നും റണ്‍സ് നേടുന്ന ഓപ്പണര്‍മാര്‍ക്ക് പോലും താളം കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേറിയ വിക്കറ്റായിരുന്നു ഇത്. സ്ഥിരമായി റണ്‍സ് നേടുന്ന ഓപ്പണര്‍മാര്‍ക്ക് പോലും സ്പിന്നര്‍മാരുടെ പന്തിന്റെ വേഗത കൃത്യമായി മനസിലാക്കാന്‍ കഴിയാതെ പോയത് നമ്മള്‍ കണ്ടു. അതിനാല്‍ ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പരമാവധി സിംഗിളുകളും ഡബിളുകളും നേടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നതായിരുന്നു പ്രധാനമായി തീരുമാനിച്ചത്.

എനിക്കൊപ്പം ക്രീസിലെത്തിയ ബാറ്റര്‍മാരുമായി ഞാന്‍ ആശയവിനിമയം നടത്തി. എന്നാല്‍ അതും എളുപ്പമായിരുന്നില്ല. സത്യത്തില്‍, പന്തിന്റെ മെറിറ്റിന് അനുസരിച്ച് കളിക്കാമെന്നും അതിനനുസരിച്ച് പദ്ധതി തയ്യാറാക്കാമെന്നും മാത്രമാണ് ഞാന്‍ തീരുമാനിച്ചത്. പന്തിന്റെ വേഗത ഉപയോഗിച്ച് കളിച്ച് സിംഗിളുകളും ഡബിളുകളും കണ്ടെത്താനായിരുന്നു ശ്രമം. ആ സമീപനം നന്നായി ഫലം ചെയ്തു,’ ശ്രേയസ് അയ്യര്‍ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനുമാണ് മടങ്ങിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരവും ക്യാപ്റ്റനാണ്. മത്സരത്തിലെ താരവും ശ്രേയസായിരുന്നു.

Content Hight: Shreyas Iyer Talking About India VS Japan T-20 Match