തൃശൂര്‍: ഇസ്‌ലാമോഫോബിയക്കെതിരായ രാഷ്ട്രീയ ഇടപെടലും പഠന പ്രവര്‍ത്തനങ്ങളും നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകനും ചിന്തകനുമായ ബാബുരാജ് ഭഗവതിക്കെതിരെ കൊടുങ്ങല്ലൂരില്‍ വിദ്വേഷ പോസ്റ്ററും ഭീഷണിയും. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഈ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. സംഘപരിവാര്‍ ഭീഷണിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
ഒരു എസ്.എന്‍.ഡി.പി ശാഖ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണ ചടങ്ങില്‍ ‘ഈഴവരുടെ ദൈവശാസ്ത്ര സങ്കല്‍പ്പനം,’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനായി ബാബുരാജ് ഭഗവതി പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ ഫ്‌ളെക്‌സ് ബോര്‍ഡിന് സമീപമാണ് വിദ്വേഷ പരാമര്‍ശങ്ങളും ഭീഷണിയും അടങ്ങിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ഇസ്‌ലാമോഫോബിയയെ എതിര്‍ക്കുന്ന ആക്ടിവിസ്റ്റ് ആയതിനാലാണ് ബാബുരാജിനെതിരെ സംഘപരിവാര്‍ ശക്തികള്‍ പോസ്റ്റര്‍ പതിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ചിന്തകനുമായ സുദേഷ് എം. രഘു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി, കൊടുങ്ങല്ലൂരിലെ 1932-ആം നമ്പര്‍ കുഞ്ഞയനി എസ്.എന്‍.ഡി.പി ശാഖ സംഘടിപ്പിച്ച സമ്മേളനത്തില്‍, ഈഴവരുടെ ദൈവശാസ്ത്ര സങ്കല്‍പനത്തെക്കുറിച്ച് പ്രഭാഷണം നടത്താനായി ബാബുരാജ് ഭഗവതിയെ ആണ് സംഘാടകര്‍ വിളിച്ചിരുന്നത്. അദ്ദേഹം ആന്റി ഇസ്‌ലാമോഫോബിയ ആക്ടിവിസ്റ്റ് കൂടിയാണെന്ന് അറിയാമല്ലോ. അതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തിനെതിരെ ഇമ്മാതിരിയുള്ള പോസ്റ്റര്‍ പതിച്ചത്,’ സുദേഷ് എം. രഘു കുറിച്ചു.
‘മതഭീകരന്മാരെ പിന്തുണക്കുന്ന ബാബുരാജ്’ എന്നാണ് അവര്‍ ആരോപിക്കുന്നതെന്നും സുദേഷ് എം. രഘു ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഇസ്‌ലാമോഫോബിക് ആയ സംഭവങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കലാണ് ബാബുരാജും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍. വസ്തുതാപരമായ വിവരങ്ങളാണ് ആ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും മുസ്‌ലിം സംഘടനയുടെ പിന്തുണയോ സഹായമോ ഇല്ലാതെ സന്നദ്ധ പ്രവര്‍ത്തകരായ നിരവധി ഗവേഷകരും ആക്ടിവിസ്റ്റുകളും ചേര്‍ന്നു നടത്തുന്ന ഈ പ്രവര്‍ത്തനം സംഘപരിവാര്‍ ശക്തികളെ എത്രത്തോളം പ്രകോപിപ്പിക്കുന്നു എന്നതിനു തെളിവാണ് ബാബുരാജിനെതിരെയുള്ള ഈ ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘപരിവാര്‍ ഭീഷണി മറികടന്നും കുഞ്ഞനിയിലെ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ബാബുരാജിന്റെ പ്രഭാഷണം നടത്തുകയും ജനങ്ങള്‍ യാതൊരു പ്രശ്‌നവുമില്ലാതെ അതു കേട്ടിരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നാണ് താന്‍ അറിഞ്ഞതെന്നും സുദേഷ് എം. രഘു പറഞ്ഞു.
‘സംഘപരിവാര്‍ ശക്തികള്‍ വിചാരിക്കുന്നതു പോലെ ശ്രീനാരായണീയ സമൂഹത്തെ മുഴുവന്‍ സംഘിവത്കരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഇന്നത്തെ ഈ സംഭവം ഒന്നുകൂടി തെളിയിക്കുന്നു. ഗുരുവിന്റെ അപരപ്രിയ സന്ദേശം ഉള്‍ക്കൊണ്ട് കൂടുതല്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ഈ പാതയിലേക്കു വരുന്നത് അധികം താമസിയാതെ നമുക്കു കാണാന്‍ കഴിയും എന്നാണു പ്രതീക്ഷ.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ അവര്‍ ചവിട്ടിപ്പുറത്താക്കുക തന്നെ ചെയ്യും. കുഞ്ഞയിനിയിലെ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം’ അദ്ദേഹം കുറിച്ചു.
ബാബുരാജ് ഭഗവതി അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള ‘ഇസ്‌ലാമാഫോബിയ റിസര്‍ച്ച് കളക്റ്റീവ്’ എന്ന ഗവേഷണ സംഘം സംസ്ഥാനത്ത് നടക്കുന്ന ഇസ്‌ലാമോഫോബിക്ക് ആയ പ്രവര്‍ത്തനങ്ങളെ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഇസ്‌ലാമോഫോബിയ വാച്ച് എന്ന വെബ്‌സൈറ്റില്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
Content Highlight: Hate Posters appeared Against Activist Baburaj Bhagavathy who point outs Islamophobia in Political space of Keralam
