തിരുവനന്തപുരം: സംസ്ഥാനത്ത് ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഒറ്റയടിക്ക് തീരുമാനം എടുക്കില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമാണ് ഈ കാര്യത്തില്‍ തീരുമാനമുണ്ടാവുക. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് ആണവ നിലയങ്ങള്‍ സ്ഥാപിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചീമേനി അടക്കമുള്ള ആണവ പദ്ധതികളെ കുറിച്ച് മുമ്പ് പറഞ്ഞ് കേട്ടിരുന്നെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കാര്യങ്ങളൊന്നും താന്‍ ഒറ്റയ്ക്ക് അഭിപ്രായം പറയേണ്ട കാര്യങ്ങളല്ലെന്നും ചര്‍ച്ചയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

‘അത് ആലോചിക്കാം. ഒറ്റയടിക്ക് ഞാന്‍ മാത്രം പറയണ്ട കാര്യമല്ല. ചര്‍ച്ച ആവശ്യത്തിന് നടക്കണം. എല്ലാ വശങ്ങളും അതില്‍ പരിശോധിക്കും. ആണവ നിലയത്തെ അനുകൂലിക്കുന്നവരുമുണ്ട്, എതിര്‍ക്കുന്നവരുമുണ്ട്. എല്ലാവരോടും ചര്‍ച്ച ചെയ്യണം,’ ആണവ നിലയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കി ആണവ നിലയം സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞുവെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനം എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ ആണവ നിലയം സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഈ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രദേശവാസികളില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കാസര്‍കോട് നിന്നുള്ള കോണ്‍ഗ്രസ് എം.പി. രാജ്മോഹന്‍ ഉണ്ണിത്താനും ചീമേനി ആണവ നിലയ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. നാട്ടുകാര്‍ എതിര്‍ക്കുന്ന ഒരു പദ്ധതിയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Content Highlight: Sunny Joseph’s Response to  questions about Chance of  starting Nuclear Plants in Kerala