തെലുങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഇരുമുടി. സമീപകാലാത്ത് തൊട്ടതെല്ലാം ഫ്‌ളോപ്പായ രവി തേജയുടെ അതിഗംഭീര കംബാക്കായിരുന്നു ഇരുമുടിയില്‍ കാണാന്‍ സാധിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം ബോക്‌സ് ഓഫീസില്‍ 240 കോടിക്കടുത്ത് സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ഇരുമുടി ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. നെറ്റ്ഫ്‌ളിക്‌സില്‍ ഇതിനോടകം ഓള്‍ ഇന്ത്യാ ട്രെന്‍ഡിങ് ലിസ്റ്റിലും ഇരുമുടി ഇടംപിടിച്ചു. ഏറെക്കാലമായി ആരാധകര്‍ മിസ് ചെയ്ത രവി തേജയെ ചിത്രത്തില്‍ കാണാന്‍ സാധിച്ചു. ത്രിനാഥ് എന്ന കുടുംബനാഥനായി മികച്ച പ്രകടനമാണ് രവി തേജ ചിത്രത്തില്‍ കാഴ്ചവെച്ചത്.

രവി തേജക്കൊപ്പം ചിത്രത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച രണ്ട് പേര്‍ മലയാളികളാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. ത്രിനാഥിന്റെ മകള്‍ മണികണ്ഠയായി വേഷമിട്ടത് മലയാളിയായ നക്ഷത്രയാണ്. ഐ, നോബഡി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായി വേഷമിട്ട നക്ഷത്രയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇരുമുടി. മറ്റൊരു ഭാഷയായിരുന്നിട്ടും ഗംഭീര പെര്‍ഫോമന്‍സാണ് നക്ഷത്ര കാഴ്ചവെച്ചത്. സിനിമ അവസാനിച്ചാലും മണികണ്ഠയുടെ നിഷ്‌കളങ്കമായ ചിരിയും നോട്ടവും മനസില്‍ തങ്ങി നില്‍ക്കുമെന്നുറപ്പാണ്.
തമിഴിലും തെലുങ്കിലുമായി സമീപകാലത്ത് ചെയ്ത വേഷങ്ങളിലൂടെ ഞെട്ടിച്ച സ്വാസിക ഇരുമുടിയിലും പെര്‍ഫോമന്‍സ് കൊണ്ട് സ്‌കോര്‍ ചെയ്യുന്നുണ്ട്. ഏതൊരു ആര്‍ട്ടിസ്റ്റും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള നെഗറ്റീവ് റോളാണ് ഇരുമുടിയില്‍ സ്വാസിക ചെയ്തത്. പ്രിന്‍സിപ്പാള്‍ ധനലക്ഷ്മി എന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കില്ല.

ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ നായികാപ്രാധാന്യമുള്ള വേഷത്തിന് ശേഷം അന്യഭാഷകളില്‍ നിന്നാണ് സ്വാസികയെത്തേടി കൂടുതല്‍ കഥാപാത്രങ്ങള്‍ വന്നിട്ടുള്ളത്. മലയാളസിനിമ വേണ്ട രീതിയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാത്തതിനാല്‍ മറ്റ് ഭാഷകളില്‍ താരം കൈയടി നേടുന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് ചില നെഗറ്റീവ് അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. വളരെ മികച്ച ആദ്യപകുതിയും അതിന്റെ ഒപ്പം ഉയരാതെ പോയ രണ്ടാം പകുതിയുമാണ് ഇരുമുടിയിലേതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സെക്കന്‍ഡ് ഹാഫിലെ ട്വിസ്റ്റുകള്‍ വലിയ ഇംപാക്ടുണ്ടാക്കിയില്ലെന്നും കമന്റുകളുണ്ട്.
Content Highlight: Baby Nakshathra and Swasika’s performance in Irumudi movie
