ഈ വര്‍ഷം പലരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു അരസന്‍. തമിഴിലെ മികച്ച സംവിധായകരിലൊരാളായ വെട്രിമാരന്‍ സിലമ്പരസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷൂട്ടിനിടയില്‍ സ്‌ക്രിപ്റ്റ് തിരുത്തിയും ഷെഡ്യൂളുകള്‍ നീട്ടിക്കൊണ്ട് പോവുകയും ചെയ്യുന്ന പതിവ് വെട്രിമാരന്‍ ആവര്‍ത്തിച്ചതോടെ അരസന്റെ റിലീസ് വൈകി.

ഇനിയും 20 ശതമാനത്തിലേറെ ഷൂട്ട് ബാക്കിനില്‍ക്കെ അടുത്ത ചിത്രത്തിലേക്ക് വെട്രിമാരന്‍ കടന്നത് സിനിമാപ്രേമികള്‍ക്കിടയില്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. എന്നിരുന്നാലും ആരാധകരെ ഹാപ്പിയാക്കി നിര്‍ത്താന്‍ അരസന്റെ പ്രൊമോ ദീപാവലിക്ക് പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോയാണ് വെട്രിമാരന്‍ ഷൂട്ട് ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ദീപാവലിക്ക് പ്രൊമോ പുറത്തുവിടാനാകാത്ത അവസ്ഥയാണ്. ഷൂട്ട് പൂര്‍ത്തിയാക്കി എഡിറ്റിങ്ങും കഴിഞ്ഞെങ്കിലും ബി.ജി.എം തയാറാകാത്തതുകൊണ്ട് പ്രൊമോ പുറത്തുവിടാനാകാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനിരുദ്ധ് തന്റെ വിവാഹത്തിന്റെ തിരക്കുകളിലായതുകൊണ്ടാണ് ബി.ജി.എം ഒരുക്കാനാകാത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടൈറ്റില്‍ ടീസറിലെ ബി.ജി.എം തന്നെ ഈ പ്രൊമോയിലും ഉപയോഗിക്കാമെന്ന് നിര്‍മാതാവ് നിര്‍ദേശിച്ചെങ്കിലും സംവിധായകനായ വെട്രിമാരനോട് അതില്‍ താത്പര്യമില്ലായിരുന്നെന്നും അതിനാലാണ് പ്രൊമോ റിലീസ് മാറ്റിവെക്കേണ്ടി വന്നതെന്നും വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിലാകും ഇനി പ്രൊമോ പുറത്തുവിടാന്‍ സാധ്യതയെന്നും വലൈപ്പേച്ച് പറയുന്നു. വിജയ് സേതുപതി നായകനാകുന്ന ട്രെയിനിനൊപ്പം അരസന്‍ പ്രൊമോ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് സിനിമകളുടെയും നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനുവാണ്. അതേസമയം അരസന്റെ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ മറ്റ് സിനിമകള്‍ ചെയ്യാനാകാത്ത അവസ്ഥയിലാണ് നായകനായ സിലമ്പരസന്‍. ഷൂട്ട് പൂര്‍ത്തിയാകാതെ അടുത്ത ചിത്രം ചെയ്താല്‍ കണ്ടിന്യൂവിറ്റിയെ ബാധിക്കുമെന്നതുകൊണ്ടാണ് താരം അരസനില്‍ തന്നെ നില്‍ക്കുന്നത്. അശ്വത് മാരിമുത്തു, കീര്‍ത്തീശ്വരന്‍ എന്നിവരുമായാണ് താരം കൈകോര്‍ക്കുന്നത്. അരസന് മുമ്പ് ഷൂട്ട് പകുതിയായ ദേസിങ്ക് പെരിയസാമിക്കൊപ്പമുള്ള ചിത്രവും എങ്ങുമെത്താതെ നില്‍ക്കുകയാണ്.

അരസന്റെ ഷൂട്ടിന് ബ്രേക്ക് നല്‍കി അടുത്ത ചിത്രമായ രാജന്‍ വഗെയ്‌രാ പൂര്‍ത്തിയാക്കുകയാണ് വെട്രിമാരന്‍. കെന്‍ കരുണാസാണ് ഈ ചിത്രത്തിലെ നായകന്‍. വട ചെന്നൈയിലെ രാജന്‍ എന്ന കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ടാണ് രാജന്‍ വഗെയ്‌രാ ഒരുങ്ങുന്നത്. വെട്രിമാരന്റെ ഈ സ്വഭാവത്തിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.

Content Highlight: Arasan promo release due to Anirudh’s busy schedule