മോദി ഹിന്ദുവിരുദ്ധന്‍; നോട്ട് നിരോധനം അദ്ദേഹത്തിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഹിന്ദു മഹാസഭ
Daily News
മോദി ഹിന്ദുവിരുദ്ധന്‍; നോട്ട് നിരോധനം അദ്ദേഹത്തിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഹിന്ദു മഹാസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th December 2016, 5:19 pm

ഹിന്ദുക്കളുടെ വിവാഹ സീസണില്‍ നോട്ടുകള്‍ അസാധുവാക്കിയ ബി.ജെ.പി നടപടി ഇസ്‌ലാം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിന്ദു മഹാസഭ കുറ്റപ്പെടുത്തി.

ന്യൂദല്‍ഹി: നോട്ട് നിരോധന നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ. മോദി ഹിന്ദു വിരുദ്ധനാണെന്ന് ഹിന്ദുമഹാസഭ ആരോപിച്ചു. ഈ നടപടിയിലൂടെ മോദി ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമാകുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളുടെ വിവാഹ സീസണില്‍ നോട്ടുകള്‍ അസാധുവാക്കിയ ബി.ജെ.പി നടപടി ഇസ്‌ലാം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിന്ദു മഹാസഭ കുറ്റപ്പെടുത്തി.

നോട്ട് നിരോധനം കേന്ദ്രസര്‍ക്കാരിന്റെ അന്ത്യം കുറിക്കും. ഹിന്ദുക്കളുടെ വിവാഹ സീസണ്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇത് ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. വിവാഹങ്ങള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും വന്‍ തുകകള്‍ കടം വാങ്ങിക്കേണ്ടിയും വന്നു. അതേസമയം ഹിന്ദുത്വ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഇസ്‌ലാം ബാങ്ക് പ്രോത്സാഹിപ്പിക്കുകയാണ്.

ഹിന്ദു മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ഷകുന്‍ പാണ്ഡെയാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനം പാവപ്പെട്ടവരെയാണ് ബാധിച്ചതെന്നും അവര്‍ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നുവോ എന്നും സംഘടനയുടെ വക്താവ് അശോക് കുമാര്‍ പാണ്ഡെ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നുവെങ്കില്‍ അത് രാജ്യത്തിന് ഗുണം ചെയ്തിട്ടില്ലെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.