
ബംഗളുരു: പി.എഫ് ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പുതിയ ഭേദഗതികളില്‍ പ്രതിഷേധിച്ച് ബംഗളുരുവില്‍ തൊഴിലാളി കലാപം.
തൊഴിലാളി ക്ഷേമനിധിയായ പി.എഫില്‍ നിന്നും പണം പിന്‍വലിക്കണമെങ്കില്‍ 58 വയസ്സ് കഴിയണമെന്ന ചട്ടമടങ്ങുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ബംഗളുരുവില്‍ വസ്ത്ര വ്യവസായ തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലുറങ്ങുകയും പ്രധാന റോഡുകള്‍ ഉപരോധിക്കുകയും ചെയ്തത്. ഇത് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിനിടയാക്കി.
58 വയസ്സിന് ശേഷം മാത്രമെ പി.എഫ് നിക്ഷേപം പിന്‍വലിക്കാന്‍ പറ്റൂവെന്ന ചട്ടമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. നിലവില്‍ ഇത് 54 വയസ്സാണ്. ജൂലൈ അവസാനം വരെയാണ് പുതിയ ചട്ടം മരവിപ്പിച്ചത്. ബംഗളുരുവിലെ നൂറിലധികം വസ്ത്ര വ്യവസായ കേന്ദ്രങ്ങളില്‍ അഞ്ച് ലക്ഷത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്.
ശക്തമായ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ പുതിയ പി.എഫ് പിന്‍വലിക്കല്‍ ചട്ടം ജൂലായ് 31 വരെ മൂന്ന് മാസത്തേക്ക് മരവിപ്പിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ടാരു ദത്താത്രേയ പറഞ്ഞു.
ഇന്ത്യയില്‍ 58 വയസ്സാണ് വിരമിക്കല്‍ പ്രായം. ഇതു പ്രകാരം പി.എഫ് തുക വിരമിച്ച ശേഷം പിന്‍വലിച്ചാല്‍ മതി എന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ വസ്ത്ര നിര്‍മാണ കമ്പനികളടക്കമുള്ള മേഖലകളില്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും 50 വയസ്സിന് ശേഷം തൊഴില്‍ ഉറപ്പില്ല. ഇത്തരമൊരു സാഹചര്യത്തില്‍ 58 വയസ്സ് വരെ കാത്തിരിക്കുക എന്നത് വിലപ്പോകില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.

പി.എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള പുതിയ നയത്തിനെതിരെ മൈസൂര്‍, ബന്നര്‍ഘാട്ട റോഡ്, തുംകുര്‍ റോഡ് എന്നിവിടങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ തൊഴിലളികള്‍ ഗതാഗതം സ്തംഭിപ്പിക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങള്‍ക്ക് നേരെയും ഇവര്‍ ആക്രമണം അഴിച്ചുവിട്ടു. ജാലഹള്ളി ക്രോസിന് സമീപം മൂന്ന് ബസ്സുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വീസുകളും മെട്രോ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജ്ജും പ്രയോഗിച്ചു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 20ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാന്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

പി.എഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം തൊഴിലാളി സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രം പിന്‍വലിച്ചിരുന്നു.
