പ്രതീക്ഷകളെയെല്ലാം നിറവേറ്റി കൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത രജിനികാന്തിന്റെ ജയിലര്‍ 2. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.

ജയിലര്‍ 2. Photo: District

ചിത്രത്തില്‍ കേരളത്തില്‍ വലിയ ഹൈപ്പ് നല്‍കാന്‍ സഹായിച്ചത് മോഹന്‍ലാലായിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ജയിലറില്‍ താരം ചെയ്ത മാത്യു എന്ന കഥാപാത്രം കുറച്ച് സമയത്തേക്കാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും സെപ്പറേറ്റ് ഫാന്‍ബേസ് തന്നെയുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ താരത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 12 കോടിയോളമായിരുന്നു ജയിലര്‍ 2 വിന് ഓപ്പണിങ് ദിനത്തില്‍ കളക്ഷനായി ലഭിച്ചത്.

എന്നാല്‍ ആദ്യദിനത്തെ ഷോയ്ക്ക് പിന്നാലെ കടുത്ത നിരാശയായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഉണ്ടായത്. താരത്തിന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യാനില്ലാതെ പോയതായിരുന്നു പലരെയും വിഷമത്തിലാക്കിയത്. മോഹന്‍ലാലിന് ചിത്രത്തില്‍ അഞ്ച് ലുക്കുണ്ടായിരുന്നുവെന്നും ട്രെയ്‌ലറിലെ രംഗമടക്കം കട്ട് ചെയ്‌തെന്നും പറഞ്ഞുകൊണ്ട് ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്‌റ്റൈലിസ്റ്റ് പങ്കുവെച്ച പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Photo: X.com

ഇപ്പോഴിതാ സംവിധായകനന്‍ നെല്‍സണിന്റെ കമന്റ് ബോക്‌സില്‍ തങ്ങളുടെ അരിശം തീര്‍ക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. സംവിധായകന്‍ രജിനിക്കൊപ്പവും അനിരുദ്ധിനൊപ്പവും നില്‍ക്കുന്ന ഫോട്ടോയുടെ അടിയിലാണ് മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറിച്ചതിലുള്ള അമര്‍ഷം ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവെച്ചും താരത്തെ പോലെയുള്ള അഭിനേതാവിനോട് ചെയ്തത് മോശമായെന്നുമുള്ള കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

Content Highlight: Nelson Dilipkumar’s comment box filled with Mohanlal’s suppoerter’s comment