തിയേറ്ററുകളില്‍ ചരിത്രവിജയമായിരിക്കുകയാണ് ജയിലര്‍ 2. ആദ്യ വീക്കെന്‍ഡില്‍ തന്നെ 400 കോടിയിലേറെ നേടിയ ചിത്രം സര്‍വ്വകാല റെക്കോഡ് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മുത്തുവേല്‍ പാണ്ഡ്യനായി തലൈവര്‍ ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകരും ആവേശത്തിന്റെ കൊടുമുടിയിലെത്തി.
ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളിലെയും സൂപ്പര്‍താരങ്ങള്‍ അണിനിരന്നെങ്കിലും ആദ്യാവസാനം തലൈവര്‍ ഷോ തന്നെയാണ് ജയിലര്‍ 2. വലിയ ആക്ഷന്‍ സീനുകളൊന്നുമില്ലാതെ 75ാം വയസിലും തന്റെ സ്വാഗും സ്‌റ്റൈലും കൊണ്ട് രജിനി നിറഞ്ഞുനിന്നത് ആരാധകര്‍ക്ക് സന്തോഷം സമ്മാനിച്ചു. ചിത്രത്തില്‍ നായകനൊപ്പം വില്ലന്മാരും കൈയടി നേടുന്നുണ്ട്.

അത്തരത്തില്‍ കൈയടി നേടിയ വില്ലന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ്. ആദ്യഭാഗത്തിലെ വില്ലനായ വര്‍മനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ദിലീപിന്റെ ക്യാരക്ടര്‍. തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ദിലീപിനെ സുരാജ് ഗംഭീരമാക്കി. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മാസ് സീനാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
പ്രീ ഇന്റര്‍വെല്ലില്‍ നമോ നാരായണ അവതരിപ്പിച്ച മൂര്‍ത്തിയെ അയാളുടെ സ്ഥലത്തെത്തി ദിലീപ് കാണുന്ന സീന്‍ തിയേറ്ററില്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടര്‍ ടീസറില്‍ കാണിച്ച ഷോട്ട് ഈ സീനിലേതാണ്. അതുവരെ കോമഡിയൊക്കെ കാണിച്ച് നടക്കുന്ന ദിലീപ് എത്രമാത്രം ഡെയ്ഞ്ചറാണെന്ന് ഈയൊരു സീനിലൂടെ പറഞ്ഞുവെക്കാന്‍ നെല്‍സണ് സാധിച്ചു.

ലൈറ്റിങ്ങും ക്യാമറയും കൃത്യമായി സെറ്റ് ചെയ്ത് വെച്ചതിലേക്ക് സുരാജിന്റെ മാസ് എന്‍ട്രിയും അനിരുദ്ധിന്റെ ഗംഭീര സംഗീതവും കൂടിയായപ്പോള്‍ സമീപകാലത്ത് ഒരു മലയാളിതാരത്തിന് അന്യഭാഷയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സീനായി ഇത് മാറിയെന്ന് പലരും അഭിപ്രായപ്പെടുന്നു. ആദ്യഭാഗത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനെപ്പോലെയാണ് നെല്‍സണ്‍ ഈ സീനിനെയും ട്രീറ്റ് ചെയ്തിരിക്കുന്നത്.

രണ്ടാം പകുതിയില്‍ കഥ വേറൊരു ട്രാക്കിലേക്ക് പോകുന്നതോടെ ദിലീപ് എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നുണ്ട്. എന്നിരുന്നാലും ഫസ്റ്റ് ഹാഫിലെ പ്രകടനം ഒന്നുകൊണ്ട് മാത്രം സുരാജ് തമിഴ് പ്രേക്ഷകരുടെ കൈയടി നേടുകയാണ്. സാക്ഷാല്‍ രജിനിക്കൊപ്പമുള്ള സീനില്‍ പോലും കട്ടക്ക് സ്‌കോര്‍ ചെയ്യാന്‍ സുരാജിന് സാധിച്ചിട്ടുണ്ട്.
Content Highlight: Suraj Venjaramoodu’s mass scene in Jailer 2 getting appreciations
