പ്രതീക്ഷകളെയെല്ലാം നിറവേറ്റി കൊണ്ട് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്നലെ റിലീസ് ചെയ്ത രജിനികാന്തിന്റെ ജയിലര് 2. നെല്സണ് സംവിധാനം ചെയ്ത ചിത്രത്തില് മോഹന്ലാല്, ശിവരാജ് കുമാര്, വിദ്യാ ബാലന്, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന് ഹൃത്വിക് റോഷന് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന് ഓപ്പണിങ്ങായിരുന്നു ജയിലര് 2വിന് ലഭിച്ചത്.

ജയിലര് 2. Photo: X.com
ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില് നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്സണ് ചിത്രത്തില് ചേര്ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. കേരളത്തില് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചത് മോഹന്ലാലിന്റ കാമിയോ റോളായ മാത്യു കാരണമായിരുന്നു. എന്നാല് ചിത്രത്തിന്റെ ആദ്യഭാഗത്തെ പോലെ മോഹന്ലാലിന് രണ്ടാം ഭാഗത്തില് പ്രാധാന്യം ലഭിക്കാതെ വന്നതോടെ വലിയ ചര്ച്ചകള് മലയാള സിനിമാ ലോകത്ത് ഉയര്ന്നിരുന്നു.
മോഹന്ലാലിനും കന്നട സൂപ്പര്താരം ശിവരാജ് കുമാറിനും അര്ഹിച്ച പരിഗണന നല്കാതെ സൈഡാക്കി കളഞ്ഞെന്നായിരുന്നു പലരും അഭിപ്രായമറിയിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിലടക്കം പ്രത്യക്ഷപ്പെട്ടത് മോഹന്ലാല് അല്ലെന്നും മിമിക്രി ആര്ടിസ്റ്റ് ഡ്യൂപ്പിട്ടതാണെന്നും അടക്കം അഭ്യൂഹങ്ങള് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജയിലര് 2വിലെ ആക്ഷന് കൊറിയോഗ്രാഫറായ ചേതന് ഡിസൂസ ഇന്സ്റ്റഗ്രാമില് പങ്കുവെച്ച കമന്റാണ് സോഷ്യല് മീഡിയയില് ശ്രദ്ധിക്കപ്പെടുന്നത്.

ജയിലര് 2. Photo: X.com
ഒരു സിനിമാ ആരാധകന്റെ കമന്റിന് മറുപടിയായിട്ടായിരുന്നു കൊറിയോഗ്രാഫറുടെ പ്രതികരണം. എന്തുകൊണ്ടാണ് ലാലേട്ടന്റെ സീനുകള് വെട്ടിക്കുറച്ചതെന്നും അദ്ദേഹത്തിന്റെ ഇന്ട്രോ അടക്കം ട്രിം ചെയ്തത് എന്തിനാണെന്നും ആരാധകന് കമന്റില് ചോദിക്കുന്നു. സമാനമായി ചിത്രത്തിലെ കാര് സീനില് അഭിനയിച്ചത് താരത്തിന്റെ ഡ്യൂപ്പാണോ എന്നും കമന്റില് ചോദിച്ചിരുന്നു. എന്നാല് അത് ഡ്യൂപ്പല്ലെന്നും അദ്ദേഹം തന്നെയാണ് ഈ രംഗങ്ങളില് അഭിനയിച്ചത് എന്നുമാണ് കമന്റിന് ചേതന് ഡിസൂസ റിപ്ലൈ നല്കിയിരിക്കുന്നത്.
Content Highlight: Jailer 2 action Choreographer talks about mohanlal’s role in the movie
