ന്യൂദല്‍ഹി: രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയാണെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ്. ദല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം തിഹാര്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സൗരവ് ഈ കാര്യം പറഞ്ഞത്.
ജയിലിലേക്ക് കൊണ്ടുപോകുന്ന പൊലീസ് വാഹനത്തിന്റെ ജനലിലൂടെ സൗരവ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ സി.ജെ.പി ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചു.
‘നമ്മള് അടിയന്തരാവസ്ഥയിലാണ്,’ എന്ന് സൗരവ് പറയുന്നതായി വീഡിയോയില്‍ കാണാം. ഇവിടെ നിതീയില്ലെന്നും ഇത് പൊലീസ് കോടതിയാണെന്നും സൗരവ് പറഞ്ഞു.
തങ്ങളെക്കാള്‍ ഉപരിയായി രാജ്യത്തെ സ്നേഹിക്കുന്ന, ഒട്ടും ഭയമില്ലാത്ത മനസിനുടമകളാണ് സൗരവും അശുതോഷുമെന്ന് സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു. യഥാര്‍ത്ഥ സമര്‍പ്പണം എന്നാല്‍ എന്താണെന്ന് ഇവര്‍ നമുക്ക് കാണിച്ചുതരുന്നുവെന്നും സി.ജെ.പി അഭിപ്രായപ്പെട്ടു.
വിലക്ക് മറികടന്ന് ജന്തര്‍ മന്തറില്‍ കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അശുതോഷിനും സൗരവ് ദാസിനും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) ഇന്ന് ജാമ്യം നിഷേധിച്ചിരുന്നു. സി.ജെ.പി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ എസ്.ഇ.എം ഉത്തരവിട്ടു.
ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറിയെന്ന കേസില്‍ സി.ജെ.പി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് (ഒക്ടോബര്‍ 19, തിങ്കള്‍) സൗരവിനെയും അശുതോഷിനെയും മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വെച്ച് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് കാലാവധി രണ്ട് ദിവസത്തേക്ക് കൂട്ടാന്‍ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
അതേസമയം, സൗരവും അശുതോഷും കരുത്തരാണെന്നും അടിച്ചമര്‍ത്തലുകള്‍ക്ക് അവരുടെ മനോവീര്യം തകര്‍ക്കാനാവില്ലെന്നും സി.ജെ.പി ലീഗല്‍ ഹെഡ് രത്ന സിങ് അഭിപ്രായപ്പെട്ടു. ‘പുറപ്പെടുന്നതിന് മുന്‍പ് ഞാന്‍ സൗരവിനെയും അശുവിനെയും കണ്ടു. നമ്മള് കരുതുന്നതിലും ശക്തരാണ് അവര്‍,’ രത്ന എക്സ് പോസ്റ്റില്‍ കുറിച്ചു.
ഇത്തരത്തിലാണ് ഭരണകൂടം യുവാക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്; എന്നാല്‍ അവരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്ന് ഭരണകൂടം തിരിച്ചറിയണം. ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ അവരെ ജയിലിലടയ്ക്കുകയോ? ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലെങ്കില്‍ പിന്നെ എന്താണെന്നും രത്ന ചോദിച്ചു.
Content Highlight: ‘We are in an Emergency, There is no Justice’: Says Sourav Das
