തിയേറ്ററുകളില്‍ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ ഒരിക്കല്‍കൂടി ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി വേഷമിട്ടപ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തി. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റിനൊപ്പം കോളിവുഡിലെ ആദ്യ 1000 കോടി ചിത്രമായി മാറാനുള്ള തയാറെടുപ്പിലാണ് ജയിലര്‍ 2.

റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 400 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. തമിഴില്‍ ഏറ്റവും വേഗത്തില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന നേട്ടം ഇതോടെ ജയിലര്‍ 2 സ്വന്തം പേരിലാക്കി. പൂജാ ഹോളിഡേയ്‌സായതിനാല്‍ വരും ദിവസങ്ങളിലും വലിയ കളക്ഷന്‍ തന്നെയാണ് എല്ലായിടത്ത് നിന്നും അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

ഓപ്പണിങ് ഡേയില്‍ 130 കോടിയോളം നേടിയ ചിത്രം പിന്നീടുള്ള മൂന്ന് ദിവസം കൊണ്ട് 270 കോടിക്കടുത്താണ് സ്വന്തമാക്കിയത്. ഇതില്‍ മൂന്നാം ദിനമായ ശനിയാഴ്ച 103 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് ജയിലര്‍ 2 നേടിയത്. ഓപ്പണിങ് ഡേയിലല്ലാതെ മറ്റൊരു ദിവസം 100 കോടി നേടുന്ന ആദ്യ തമിഴ് സിനിമയെന്ന നേട്ടവും ഇതോടെ ജയിലര്‍ 2 സ്വന്തമാക്കി.

75ാം വയസിലും സ്വന്തം ഇന്‍ഡസ്ട്രിയിലെ റെക്കോഡ് മേക്കറും റെക്കോഡ് ബ്രേക്കറുമായി നിറഞ്ഞുനില്‍ക്കുക എന്നത് നിസാര കാര്യമല്ല. തനിക്ക് മുന്നേ വന്നവരും ശേഷം വന്നവരും ബോക്‌സ് ഓഫീസില്‍ അപ്രസക്തരായി നില്‍ക്കുമ്പോള്‍ രജിനി ഇത്തരത്തില്‍ ബോക്‌സ് ഓഫീസ് വേട്ട നടത്തുന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

പൂജാ ഹോളിഡേയ്‌സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ലിയോയെ വീഴ്ത്തി ഇന്‍ഡസ്ട്രി ഹിറ്റാകാനാണ് ജയിലര്‍ 2ന്റെ ശ്രമം. 230 കോടിയാണ് ലിയോയുടെ തമിഴ്‌നാട് കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യമായി 250, 300 കോടി നേടുന്ന ചിത്രമായി ജയിലര്‍ 2 മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. അടുത്തൊന്നും വലിയ റിലീസില്ലാത്തത് ചിത്രത്തിന് ഗുണം ചെയ്യുകയാണ്.

വര്‍ഷങ്ങളായി പല സിനിമകള്‍ക്കും തകര്‍ക്കാനാകാത്ത 2.0യുടെ ഫൈനല്‍ കളക്ഷനും മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവില്‍ തകരാന്‍ സാധ്യതയുണ്ട്. തമിഴ്‌നാടിനൊപ്പം മറ്റ് സ്റ്റേറ്റുകളിലും ഗംഭീര വരവേല്പാണ് ജയിലര്‍ 2ന് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് ഇതിനോടകം 30 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. കര്‍ണാടക, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളിലും മികച്ച കളക്ഷനാണ് ജയിലര്‍ 2ന്.

Content Highlight: Jailer 2 collected more than 100 crores on third day