ഫുട്‌ബോള്‍ ലോകത്ത് ലയണല്‍ മെസിയുമായി ലാമിന്‍ യമാലിനെ താരതമ്യം ചെയ്യുന്നതിനെതിരെ നിലപാട് വ്യക്തമാക്കി സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റിക്. മെസിയെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായി വിശേഷിപ്പിച്ച എന്റിക്, യമാലിന് സ്വന്തം കഴിവുകളിലൂടെ മികച്ച താരമായി വളരാന്‍ അനുവദിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

‘എക്കാലത്തെയും മികച്ച താരമായ ലയണല്‍ മെസിയുമായി മറ്റേതൊരു താരത്തെ താരതമ്യം ചെയ്താലും, അവിടെ ആര്‍ക്കും വിജയിക്കാനാവില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

മെസി ഫുട്‌ബോള്‍ ലോകത്ത് സൃഷ്ടിച്ചെടുത്ത സ്ഥാനവും അദ്ദേഹത്തിന്റെ നേട്ടങ്ങളും പരിഗണിക്കുമ്പോള്‍ ഇത്തരം താരതമ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, യമാലിന്റെ ഭാവി സാധ്യതകളെ തള്ളിക്കളയാനും എന്റിക് തയ്യാറായില്ല. ഭാവിയില്‍ ഈ താരതമ്യത്തെക്കുറിച്ച് സംസാരിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ യമാലിന്റെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരുപക്ഷേ ഭാവിയില്‍ നമുക്ക് ഇതേക്കുറിച്ച് സംസാരിക്കാം. എന്നാല്‍ ഇപ്പോള്‍, ലാമിന്‍ വളരെ ബുദ്ധിമാനായ താരമാണെന്നാണ് ഞാന്‍ കരുതുന്നത്. ലാമിന്റെ ഏറ്റവും മികച്ച പതിപ്പായി മാറാനാണ് അവന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍, അവനെ ലയണല്‍ മെസിയുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്,’ ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു.

ബാഴ്സലോണയിലൂടെ ലോകഫുട്‌ബോളിന്റെ ശ്രദ്ധയാകര്‍ഷിച്ച യുവ താരം യമാല്‍ ലോക കരീടം നേടി ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. 2026ലെ ലോകകപ്പ് ഫൈനലില്‍ മെസിയുടെ അര്‍ജന്റീനയ്‌ക്കെതിരെയാണ് സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയത്. ചെറുപ്രായത്തില്‍ തന്നെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന താരം മെസിയുമായുള്ള താരതമ്യങ്ങള്‍ അനാവിശ്യമാണെന്ന് ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.

Content Highlight: Luis Enrique Talking About Lionel Messi And Lamine Yamal