ചെറുതെങ്കിലും ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ് കേരള ബോക്‌സ് ഓഫീസ്. കോളിവുഡിനെയും ടോളിവുഡിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ സ്‌ക്രീനുകള്‍ മാത്രമാണ് കേരളത്തിലുള്ളതെങ്കിലും നല്ല ചിത്രങ്ങളെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. സമീപ കാലത്തിറങ്ങിയ വാഴ 2വും ഓഗസ്റ്റില്‍ റിലീസ് ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റും ഇതിന് തെളിവായിരുന്നു. വാഴ 2 129 കോടിയോളം കേരള ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ 155 കോടിയായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ബെത്‌ലഹേം സ്വന്തമാക്കിയത്. ദിനംപ്രതി വളരുന്ന മാര്‍ക്കറ്റിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ രണ്ട് ചിത്രങ്ങളുടെയും ഗ്രോസ്.

ജയിലര്‍ 2. Photo: District

ഇപ്പോഴിതാ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 3 ദിവസം കൊണ്ട് ജയിലര്‍ 2 നേടിയ കളക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിലീസ് ചെയ്തത് മുതല്‍ തമിഴ്‌നാടിന് തൊട്ടുപിന്നിലായി ജയിലര്‍ 2വിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുമാണെന്ന കണക്കാണ് കൗതുകമുണര്‍ത്തുന്നത്. ഹോം ടെറിട്ടറിയായ തമിഴ്‌നാട്ടില്‍ നിന്നും ജയിലര്‍ 2വിന് 64 കോടി ലഭിച്ചപ്പോള്‍ 30 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറഞ്ഞ സ്‌ക്രീനുകളും ഷോകളും വെച്ചാണ് ചിത്രം ഇത്രയും കളക്ഷന്‍ കേരളത്തില്‍ നിന്നും നേടിയിരിക്കുന്നതെന്ന വസ്തുതയാണ് പ്രതീക്ഷയുണര്‍ത്തുന്നത്. തെലങ്കാനയില്‍ നിന്നും 17.5 കോടിയും ആന്ധ്രപ്രദേശില്‍ നിന്നും 18.6 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍. അതേസമയം കര്‍ണാടകയില്‍ നിന്നും 27 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഇതോടെ സൗത്ത് ഇന്ത്യയില്‍ നിന്നും മാത്രമായി ചിത്രത്തിന്റെ കളക്ഷന്‍ 157 കോടിയാണ്. പൂജ വെക്കേഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ വമ്പന്‍ കളക്ഷനാണ് ജയിലര്‍ 2 നേടുക എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Photo: X.com

ജയിലര്‍ 2വിന്റെ കേരള ബോക്‌സ് ഓഫീസിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നത് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീനിനാണ്. മലയാളി അണിയറപ്രവര്‍ത്തകരും നസ്‌ലെനും നസ്രിയയും അടക്കമുള്ള മലയാളി ആക്ടേഴ്‌സും ഒന്നിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് ഒരുക്കുന്നത്. ദീപാവലി റിലീസായി എത്തുന്ന ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ തമിഴ്‌നാട് കളക്ഷന് ഒപ്പം നില്‍ക്കുന്ന കളക്ഷന്‍ കേരളത്തില്‍ നിന്നും സീനിന് ലഭിക്കുമെന്ന് ജയിലര്‍ 2വിലൂടെ തെളിഞ്ഞിരിക്കുകയാണ്.

Content Highlight: Kerala Box office collection of Rajinikanth starrer Jailer 2 movie