ടി-20 ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ നടത്തുന്ന വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് പിന്നില്‍ അവരുടെ മാറിയ ബാറ്റിങ് ശൈലിയും കഴിവുകളിലുണ്ടായ പുരോഗതിയുമാണെന്ന് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ടി-20 ക്രിക്കറ്റിലെ ഉയര്‍ന്ന ബാറ്റിങ് നിലവാരത്തെക്കുറിച്ചും ബൗളര്‍മാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അഭിപ്രായം വ്യക്തമാക്കി.
ഐ.പി.എല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമമാണ് ഉയര്‍ന്ന സ്കോറുകള്‍ക്കും ആക്രമണാത്മക ബാറ്റിങ്ങിനും കാരണമെന്ന വാദത്തോട് മുകുന്ദ് യോജിച്ചില്ല. കളിക്കാരുടെ കഴിവുകളിലുണ്ടായ മാറ്റമാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ക്രിക്കറ്റ് മുന്നോട്ടുപോയിരിക്കുന്ന രീതി ഇതുതന്നെയാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഐ.പി.എല്ലിന് ശേഷം പലരും എന്നോട് പറഞ്ഞിരുന്നു, ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന്. എന്നാല്‍ ഇത് കളിക്കാരുടെ കഴിവുകളിലുണ്ടായ മാറ്റമാണ്. സിക്സറുകള്‍ അടിക്കുന്നത് ഉപജീവനമാര്‍ഗമാക്കിയ താരങ്ങള്‍ ഇന്ന് നമുക്കുണ്ട്,’ മുകുന്ദ് പറഞ്ഞു.
ഇത്തരം ആക്രമണാത്മക ബാറ്റിങ്ങിനെ നേരിടാന്‍ പ്രത്യേക കഴിവുള്ള ബൗളര്‍മാര്‍ വളര്‍ന്നുവരുകയും ആ ചുമതലയില്‍ മികവ് തെളിയിക്കുകയും ചെയ്യുന്നതുവരെ ഉയര്‍ന്ന സ്കോറുകള്‍ ക്രിക്കറ്റിലെ പുതിയ സാധാരണ രീതിയായി തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാറ്റും ബോളും തമ്മില്‍ ഇപ്പോഴും തുല്യമായ പോരാട്ടമുണ്ടെന്ന് വിശ്വസിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് താനെന്നും മുകുന്ദ് കൂട്ടിച്ചേര്‍ത്തു.
ബാറ്റര്‍മാരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവുകളും ടി-20 ഫോര്‍മാറ്റിന് മാത്രം മുന്‍ഗണന നല്കുന്ന താരങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമാണ് ഉയര്‍ന്ന സ്കോറുകള്‍ക്ക് പിന്നിലെ മറ്റ് കാരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഷേക് ശര്‍മയും ഇന്ത്യക്കായി ടി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രം കളിക്കുന്ന സഞ്ജു സാംസണും ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണെന്നും മുകുന്ദ് ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരുവരും സികസറുകള്‍ നേടുന്നതില്‍ പ്രത്യേക മികവ് പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പരമ്പര സമനിലയിലായത്.
ഇനി ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഫോമിലാണെന്നുള്ളത് ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ഒക്ടോബര്‍ 22നാണ് അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം.
Content Highlight: Abhinav Mukund Talking About Great Skill Of Batters Like Sanju Samson And Abhishek Sharma
