‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ വിജയാഘോഷത്തിനിടെയും ‘പ്രേമലു 2’ മുടങ്ങിയതിനെക്കുറിച്ച് വീണ്ടും സംസാരിച്ച സംവിധായകന്‍ ഗിരീഷ് എ.ഡിക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

ചിത്രത്തിന്റെ വിജയാഘോഷ വേദിയില്‍ പ്രേമലു 2 ന്റെ പിന്നാലെ പോയതിലൂടെ ഒരു വര്‍ഷം നഷ്ടമായെന്നും പിന്നീട് ആ നിരാശയില്‍നിന്നാണ് ബെത്ലഹേം കുടുംബ യൂണിറ്റിലേക്ക് എത്തിയതെന്നും ഗിരീഷ് പറഞ്ഞിരുന്നു.

എന്നാല്‍, പുതിയ സിനിമയുടെ വിജയാഘോഷ വേദിയില്‍ പഴയ പ്രോജക്ട് മുടങ്ങിയതിനെക്കുറിച്ച് വീണ്ടും സംസാരിച്ചത് അത്ര സ്വാഭാവികമല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. നിരന്തരമായി അഭിമുഖങ്ങളില്‍ ഈ കാര്യം പറയുന്ന ഗിരീഷ് സിനിമയുടെ വിജയാഘോഷ വേദിയില്‍ വീണ്ടും അതാവര്‍ത്തിച്ചത് ശരിയായില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ് വലിയ വിജയമായി മാറിയ സമയത്തും പ്രേമലു 2 മുടങ്ങിയതും അതിനായി ഒരു വര്‍ഷം നഷ്ടമായതും എടുത്തുപറയുന്നത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.

‘സ്റ്റേജ് ഫിയര്‍ ഉണ്ട്, ഇന്‍ട്രോവേര്‍ട്ട് ആണ് എന്നൊക്കെ പറയുമെങ്കിലും ആളുടെ മനസ്സില്‍ വേറൊരു വികാരം വല്ലാതെ നിറഞ്ഞുതുളുമ്പുന്നുണ്ട് എന്ന് ഇന്നലത്തെ സംസാരം കേട്ടപ്പോള്‍ തോന്നി. പള്ളികളുടെ മുന്നിലെ മതിലില്‍ എഴുതിവെക്കുന്ന വചനങ്ങള്‍ ഗിരീഷ്, തന്റെ യാത്രയുടെ ഇടയില്‍ വായിക്കാന്‍ ഇടവരട്ടെ,’ എന്നായിരുന്നു വിമര്‍ശനമുയര്‍ത്തിയുള്ള ഒരു കുറിപ്പിലെ പരാമര്‍ശം.

ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വിജയാഘോഷ വേദിയില്‍ പ്രേമലു 2ന്റെ ജോലികള്‍ക്കായി ചെലവഴിച്ച സമയത്തെക്കുറിച്ച് ഗിരീഷ് വിശദീകരിച്ചിരുന്നു. പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ ജോലികളിലേക്ക് കടന്നെങ്കിലും അപ്രതീക്ഷിതമായി പ്രൊജക്ട് നിര്‍ത്തിവെക്കേണ്ടി വന്നതായാണ് അദ്ദേഹം പറഞ്ഞത്.

‘പ്രേമലു കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ സിനിമ തുടങ്ങുന്നത്. അത്രയും നാള്‍ പ്രേമലു ടുവിന്റെ ജോലികളിലായിരുന്നു. അത് അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഞങ്ങളുടെ ഒരു വര്‍ഷം പോയി എന്നത് ഒരു പ്രശ്‌നമായിരുന്നു. അത് കളയേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഇത് ചെയ്യാമെന്ന ചിന്ത വരുന്നത്,’ ഗിരീഷ് പറഞ്ഞു.

പ്രേമലു വലിയ വിജയമായതോടെ രണ്ടാം ഭാഗത്തിന്റെ ആശയവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നും ആ ഘട്ടത്തില്‍ തനിക്ക് പിന്തുണയുമായി നിന്നത് സഹഎഴുത്തുകാരന്‍ കിരണ്‍ ജോസിയും നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസും സംവിധാനസംഘവുമാണെന്നും ഗിരീഷ് പറഞ്ഞു.

പ്രേമലു 2 പുറത്തിറങ്ങിയിരുന്നെങ്കില്‍ വിഷു റിലീസായി എത്തുമായിരുന്നുവെന്നും അതിനു മൂന്നോ നാലോ മാസം കഴിഞ്ഞാണ് ബെത്ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്തതെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ കാലതാമസം ഉണ്ടായില്ലെന്നും ചിത്രം ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിനിമയുടെ വിജയം വ്യക്തിപരമായ നേട്ടമായി കാണുന്നുവെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്.

പ്രേമലു 2 താന്‍ തന്നെയാണ് വേണ്ടെന്ന് വെച്ചതെന്ന് ഗിരീഷ് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നില്ലെങ്കില്‍ അത് വലിയ പ്രശ്‌നങ്ങളിലേക്ക് പോയേനെ എന്നായിരുന്നു ഗിരീഷ് പറഞ്ഞത്. എന്നാല്‍ ആരുടേയും പേര് എടുത്തുപറഞ്ഞുള്ള വിമര്‍ശനത്തിലേക്ക് ഗിരീഷ് കടന്നിരുന്നില്ല.

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തില്‍ സംഗീത് അവതരിപ്പിച്ച കഥാപാത്രം തന്റെ ഷോട്ട് ഫിലിമിന്റെ തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞ നായകനെ മാറ്റിയെന്നൊരു ഡയലോഗ് പറയുന്നുണ്ട്. ഈ ഡയലോഗ് പോലും ആരെയോ ഉദ്ദേശിച്ച് എഴുതിയതാണെന്ന തരത്തിലുള്ള എഴുത്തുകളും പുറത്തുവന്നിരുന്നു.

ഒരു പ്രോജക്ട് മുടങ്ങിയതിന്റെ നിരാശ തുറന്നുപറയുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സ്വന്തം സിനിമയുടെ വിജയാഘോഷ വേദിയില്‍ പഴയ വിഷയം ആവര്‍ത്തിച്ച് ഉന്നയിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

Content Highlight: Even After Bethlehem’s Success, Has the Disappointment Over Premalu 2 Still Not Faded? Girish A.D. Faces Criticism