മലയാളത്തിലെ ക്രൈം ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള ചിത്രമാണ് ഷാഹി കബീര്‍ തിരക്കഥയെഴുതി പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. ജോജു ജോര്‍ജ് എന്ന നടന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രത്തിന് വലിയ പ്രശംസയായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ജോസഫ് എന്ന റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ചിത്രം ഒരുക്കിയത്.

ജോസഫ്. Photo: X.com

തന്റെ മുന്‍ ജീവിത പങ്കാളിയായ സ്റ്റെല്ലയുടെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണം അന്വേഷിച്ച് പോകുന്ന ജോസഫ്, വലിയൊരു അവയവ മാഫിയയിലേക്ക് എത്തിച്ചേരുന്നതാണ് കഥാസംഗ്രഹം. ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിച്ചതോടെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഏവരും കാത്തിരുന്നത് ചിത്രത്തിന്റെ ഹിന്ദി റീമേക്കാനായാണ്. സണ്ണി ഡിയോളിനെ നായകനാക്കി കൊണ്ട് ചിത്രം ഒരുക്കുന്നത് മലയാളത്തിലെ ജോസഫിന്റെ സംവിധായകനായ പത്മകുമാര്‍ തന്നെയാണ്.

സൂര്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ടീസര്‍ കണ്ടിരിക്കുന്നത്. ദീപക് മുകുന്ദ്, ഹേമന്ത് മുകുന്ദ്, ലോകേഷ് മുകുന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയിലൂടെ തന്റെ ആദ്യ ഹിന്ദി ചിത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്യുന്നത്.

സൂര്യ. Photo: x.COM

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വലിയ വിജയമായിരുന്നു ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 3 വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. സമാനമായി ജോസഫിനും വിജയിക്കാന്‍ കഴിയുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ചിത്രം നാളെയാണ് (ചൊവ്വ) തിയേറ്ററുകളിലെത്തുക.

Content Highlight: Remake of joseph movie Suryaa starring sunny deol