മേജർ ലീഗ് സോക്കറിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ ഇന്റർ മയാമി തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമി വിജയിച്ചത്.
ഇതിഹാസ താരം ലയണൽ മെസിയുടെ മിന്നും ഫോമിലാണ് മയാമി വിജയിച്ചു കയറിയത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് മെസി തിളങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 56, 60 എന്നീ മിനിട്ടുകളിലായിരുന്നു മെസിയുടെ ഇരട്ട ഗോൾ പിറന്നത്.
Road win. Job done. ✅ https://t.co/Be4OnNkU4Z
— Inter Miami CF (@InterMiamiCF) October 18, 2026
ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഒരു പുതിയ ചരിത്രമാണ് മെസി മേജർ ലീഗ് സോക്കറിൽ എഴുതി ചേർത്തത്. ഈ സീസണിൽ 25 ഗോളുകളും 15 അസിസ്റ്റുകളും നേടി മുന്നേറുന്ന മെസി എം.എൽ.എസ് ചരിത്രത്തിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ 20+ ഗോളുകളും 15+ അസിസ്റ്റുകളും നേടുന്ന ആദ്യ താരമായി മാറി. 2024 സീസണിൽ 20 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസിയുടെ ഇടം കാലിൽ നിന്നും പിറവിയെടുത്തത്.
തൊട്ടടുത്ത സീസണിൽ 29 ഗോളുകളും 19 അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്. ഇപ്പോൾ ഈ സീസണിൽ കൂടി അസിസ്റ്റുകളിലും ഗോളുകളിലും എതിരാളികളില്ലാതെ കുതിച്ചതോടെയാണ് മെസി പുതിയ ചരിത്രവും തന്റെ പേരിലാക്കി മാറ്റിയത്.

മത്സരത്തിലെ ഇരട്ട ഗോളുകൾക്ക് പിന്നാലെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 936 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. 64 ഗോളുകൾ കൂടി നേടിയാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കും അർജന്റൈൻ ഇതിഹാസത്തിന് നടന്നുകയറാൻ സാധിക്കും.
അതേസമയം മത്സരത്തിൽ മെസിക്ക് പുറമേ ജെർമൻ ബെർട്ടറാമാണ് മയാമിക്ക് വേണ്ടി മൂന്നാം ഗോൾ നേടിയത്. ഫാഫാ പി കോൾട്ട് ആണ് അറ്റ്ലാൻഡ യുണൈറ്റഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു താരം.
നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 30 മത്സരങ്ങളിൽ നിന്നും 15 വിജയവും 10 സമനിലയും അഞ്ച് തോൽവിയും അടക്കം 55 പോയിന്റാണ് മയാമിയുടെ അക്കൗണ്ടിലുള്ളത്. 67 പോയിന്റുമായി നാഷ് വിൽ എഫ്.സിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
എം.എൽ.എസിൽ ഒക്ടോബർ 25നാണ് ഇന്റർ മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോർക്ക് റെഡ് ബുൾസാണ് ടീമിന്റെ എതിരാളികൾ.
Content Highlight: Lionel Messi create a new history major league soccer
