മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പുത്തന്‍ പ്രതീക്ഷയുമായി മുംബൈയില്‍ നിന്നൊരു പതിനേഴുകാരി. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയുമായാണ് ജെമീമാ റോഡ്രിഗസ് എന്ന പുത്തന്‍ താരോദയം വരവ് അറിയിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 വനിതാ താരത്തിന്റെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി നേട്ടമാണ് ജെമീമാ കഴിഞ്ഞദിവസം സ്വന്തമാക്കിയത്.


Also Read: ‘നന്ദി വിരാട്, ഞാന്‍ വീണ്ടും ക്രിക്കറ്റിനെ സ്‌നേഹിച്ച് തുടങ്ങി’; ഇന്ത്യന്‍ നായകനു ആശംസയുമായി സയാമി; ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍


മുംബൈയിയെ പ്രതിനിധീകരിച്ച ജെമീമാ സൗരാഷ്ട്രക്കെതിരെ ഔറംഗാബാദില്‍ നടന്ന മത്സരത്തിലാണ് ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയത്. 163 പന്തില്‍ പുറത്താകാതെ 202 റണ്‍സാണ് ജെമീമാ അടിച്ച് കൂട്ടിയത്. 24 ഫോറുകള്‍ അടങ്ങുന്നതായിരുന്നു ജെമീമയുടെ ഇന്നിങ്‌സ്. താരത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 347 റണ്‍സാണ് മുംബൈ അടിച്ച് കൂട്ടിയത്. ഇതിനു മുമ്പ് സ്മൃതി മന്ദാന മാത്രമായിരുന്നു 200 തികച്ച ഇന്ത്യന്‍ വനിതാ താരം.

ഇത് ആദ്യമായല്ല ജെമീമാ ഇത്തരം പ്രകടനം പുറത്തെടുക്കുന്നതെന്ന് അവരുടെ പരിശീലകന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മത്സരത്തില്‍ തന്നെ അവള്‍ ഡബിള്‍ തികക്കേണ്ടതായിരുന്നെന്നും പരിശീലകന്‍ ജയേഷ് ഡഡാര്‍ക്കര്‍ പറയുന്നു. “കഴിഞ്ഞ മത്സരത്തില്‍ 142 പന്തില്‍ 178 റണ്‍സുമായാണ് അവള്‍ പുറത്തായത്. വലിയഷോട്ടിന് ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു അവള്‍ പുറത്തായത്.” പരിശീലകന്‍ പറഞ്ഞു.


DonT Miss: നാക്കിന് ലൈസന്‍സില്ലാത്തത്‌പോലെയാണ് പാണ്ഡ്യ സംസാരിക്കുന്നത്; അവന്റെ പെരുമാറ്റം വെറുപ്പിക്കുന്നതാണ്; യുവതാരത്തെക്കുറിച്ച് കോഹ്‌ലി


റിസ്‌വി കോളേജ് താരമായ ജെമീമാ നിരവധി ടൂര്‍ണ്ണമെന്റുകളില്‍ ടീമുകളെ പ്രതിനിധീകരിക്കുന്നുണ്ട്. അണ്ടര്‍ -19 ടീം നായികയ്ക്ക പുറമെ അണ്ടര്‍-23 ടീമിനായി താരം കളത്തിലിറങ്ങാറുണ്ട്. വെസ്റ്റ് സോണിന്റെ അണ്ടര്‍-19, 23 ടീമുകളുടെ നായികയുമാണ് ഇവര്‍. സീനിയര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ബാംഗ്ലൂര്‍ ക്യാമ്പിലും താരം പങ്കെടുത്തിട്ടുണ്ട്.