ഇന്ത്യയുടെ മാച്ച് വിന്നര്‍, അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല: കൈഫ്
Cricket
ഇന്ത്യയുടെ മാച്ച് വിന്നര്‍, അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല: കൈഫ്
Sudev A
Thursday, 21st May 2026, 9:12 am

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെയുള്ള പരമ്പരക്ക് എത്തുന്നത്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്തതാണ് ഏവരെയും ഞെട്ടിച്ചത്. പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോള്‍ സെലക്ടര്‍മാരുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

പന്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കൈഫ് പറയുന്നത്. ക്യാപ്റ്റന്നെന്ന നിലയില്‍ പന്ത് മികച്ച പ്രകടനം നടത്തുന്നില്ലെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ ടെസ്റ്റിലെ ഇന്ത്യയുടെ മാച്ച് വിന്നറാണ് പന്തെന്നും കൈഫ് വ്യക്തമാക്കി. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘റിഷബ് പന്ത് ഒരു തെറ്റും ചെയ്തിട്ടില്ല. ഏകദിനവും ടെസ്റ്റും രണ്ട് വ്യത്യസ്ത ഫോര്‍മാറ്റുകളാണ്. ഐ.പി.എല്ലിലെ പ്രകടനം കണക്കിലെടുത്താണ് ആളുകള്‍ പന്തിനെ വിലയിരുത്തുന്നത്. ക്യാപ്റ്റനായി അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ല, ടീം തോല്‍ക്കുന്നു, റണ്‍സ് നേടുന്നില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ഒരു ബാറ്ററായി നോക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ ഇന്ത്യയുടെ ഒരു മാച്ച് വിന്നറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കൈഫ് പറഞ്ഞു.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിരാശജനകമായ പ്രകടനമാണ് പന്ത് നടത്തിയത്. പന്തിന്റെ കീഴില്‍ ഇതുവരെ 13 മത്സരങ്ങള്‍ കളിച്ച എല്‍.എസ്.ജിക്ക് നാല് വിജയം മാത്രമാണ് നേടാന്‍ സാധിച്ചത്. ഒമ്പത് മത്സരങ്ങളില്‍ ടീം പരാജയപ്പെടുകയും ചെയ്തു.

അതേസമയം അഫ്ഗാനെതിരെയുള്ള ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി.

ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഏകദിന ടീമില്‍ ഇടം പിടിച്ചെങ്കിലും ഇരുവരുടെയും ഫിറ്റ്നസ് വിലയിരുത്തിയതിന് ശേഷമായിരിക്കും ടീമില്‍ അവസരം ലഭിക്കുക.

ജൂണ്‍ ആറ് മുതല്‍ 11 വരെയാണ് അഫ്ഗാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ജൂണ്‍ 14 മുതല്‍ 20 വരെ ഏകദിന പരമ്പരയും നടക്കും.

ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറല്‍.

ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Muhammed kaif talks Rishabh pant impact in Indian test team

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.