2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള ഇന്ത്യന്‍ ടീമിനെ ഇപ്പോഴേ ഒരുക്കിയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. അവസാന നിമിഷം വലിയ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതാവണം ലക്ഷ്യമെന്നും കളിക്കുന്ന മത്സരങ്ങള്‍ ഏതായാലും, താരങ്ങള്‍ക്ക് ആവശ്യമായ ഗെയിം ടൈം ലഭിക്കേണ്ടത് നിര്‍ണായകമാണെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
‘ലോകകപ്പില്‍ കളിക്കേണ്ട ടീമിനെ ഇപ്പോള്‍ മുതല്‍ ഒരുക്കിയെടുക്കണം. അവസാന നിമിഷം വലിയ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതാകണം ലക്ഷ്യം. ടീമില്‍ 16 പേരായാലും 20 പേരായാലും, എല്ലാവര്‍ക്കും മത്സരപരിചയം ലഭിക്കുന്നത് പ്രധാനമാണ്.
ഇപ്പോള്‍ ടി-20 മത്സരങ്ങള്‍ കൂടുതലും 50 ഓവര്‍ മത്സരങ്ങള്‍ കുറവുമായ സാഹചര്യമാണ്. അതിനാല്‍ ലോകകപ്പിന് മുന്നോടിയായി തയ്യാറെടുക്കാന്‍ താരങ്ങള്‍ക്ക് മതിയായ മത്സരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കളിക്കുന്ന മത്സരങ്ങള്‍ ഏതായാലും, താരങ്ങള്‍ക്ക് ആവശ്യമായ ഗെയിം ടൈം ലഭിക്കേണ്ടത് നിര്‍ണായകമാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com
ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടായിട്ടുള്ള പല അവസരങ്ങളിലും അവസാന നിമിഷത്തിലോ ടൂര്‍ണമെന്റിനിടയിലോ വലിയ മാറ്റങ്ങള്‍ വരുത്തിയതാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ ലോകകപ്പിന് മുന്നോടിയായി ടീമിന്റെ സ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്,’ യുവരാജ് സിങ് പറഞ്ഞു.
2027 ഏകദിന ലോകകപ്പ് ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് നടക്കുന്നത്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും. അതേസമയം ലോകകപ്പിന് മുന്നോടിയായുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യ.
