കൊച്ചി: നിയമപരമായി സൂക്ഷിക്കാവുന്നതിലും കൂടുതല്‍ അളവില്‍ മദ്യം സൂക്ഷിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്റോയുടെ വയനാട് വാഴവറ്റയിലുള്ള വീട്ടില്‍ നിന്ന് നിയമപരമായതില്‍ കൂടുതല്‍ അളവ് മദ്യം പിടിച്ചെടുത്തെന്ന കേസിലാണ് അറസ്റ്റ്.
കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിലെത്തിയ കല്‍പറ്റ എക്‌സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇന്ന് (സെപ്റ്റംബര്‍ 17, വ്യാഴം) പുലര്‍ച്ചെയോടെ ആന്റോയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആന്റോയെ ഇന്ന് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്‌സസൈസ് ആന്റോക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമ വിരുദ്ധമായി മദ്യം കടത്തി, നിയവിരുദ്ധമായി മദ്യം കൈവശം വെച്ചു എന്നീ കുറ്റങ്ങള്‍ക്കുള്ള 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് ആന്റോ പ്രതികരിച്ചു. തന്നെ കുടുക്കിയതാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി. എം.ഡി അഭിപ്രായപ്പെട്ടു. തന്റെ തറവാട് വീടാണ് വാഴവറ്റയിലേതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്നലെ റിപ്പോര്‍ട്ടര്‍ ടി.വിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസില്‍ പൊലീസ് സംഘമെത്തി ചാനലിന്റെ ന്യൂസ് ഡെസ്‌കിലടക്കം റെയ്ഡ് നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട റെയ്ഡ് ഇന്ന് പുലര്‍ച്ചെയോടെ പൂര്‍ത്തിയായി. ഇതിന് പിന്നാലെയാണ് ആന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിന് പുറമെ ആന്റോയുടെ വീടും ഓഫീസും അടക്കം കൊച്ചിയിലും വയനാടുമായി അഞ്ചിടത്തായിരുന്നു പൊലീസ് റെയ്ഡ്. ഈ റെയ്ഡിനിടെ വയനാട്ടിലെ വീട്ടില്‍ നിന്ന് അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
കൊച്ചി കളമശ്ശേരിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ച് വാങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് തങ്ങളുടെ ജോലി തടസപ്പെടുന്ന തരത്തിലാണ് ഇടപെടുന്നതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.
21 മണിക്കൂറോളമാണ് റിപ്പോര്‍ട്ടര്‍ ടി.വിയിലെ റെയ്ഡ് നീണ്ടത്. റെയ്ഡ് തങ്ങളുടെ സംപ്രേക്ഷണത്തെ ബാധിച്ചതായി ടി.വി ചാനല്‍ പ്രതികരിച്ചിരുന്നു. മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിലാണ് പരിശോധനയെന്നാണ് പൊലീസ് പറഞ്ഞത്. കേസിലെ പ്രത്യേക അന്വേഷണ സംഘമാണ് കൊച്ചിയിലും വയനാടുമായി റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ മെസി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ല തന്നോട് ചോദിച്ചതെന്ന് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ആന്റോ പറഞ്ഞു. ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ചാണ് പൊലീസ് ചോദിച്ചതെന്നും ആന്റോ പറഞ്ഞിരുന്നു. ജേണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കില്‍ അത് കിട്ടുന്നില്ല. വി.ഡി. സതീശന്റെ രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്റെ കൈയില്‍ ഉത്തരമില്ലെന്നും റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആന്റോ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ഇന്നലെ വൈകിട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിലാണ് കേസ്. ഡി.ജി.പിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചു എന്നാരോപിച്ചാണ് കേസ്.
Content Highlight: Reporter TV M.D Anto Augustine Arrested by Excise in Case Related to Alleged Po session of Liquor in excess Amount
