'ജോർജ് കുട്ടി ലോറി ഇടിച്ച് മരിച്ചു, പ്രഭാകർ കുത്തിക്കൊന്നു', ദൃശ്യം 3 യാതൊരു പ്രതീക്ഷയുമില്ലാതെ കാണേണ്ട സിനിമ: മോഹൻലാൽ
Malayalam Cinema
'ജോർജ് കുട്ടി ലോറി ഇടിച്ച് മരിച്ചു, പ്രഭാകർ കുത്തിക്കൊന്നു', ദൃശ്യം 3 യാതൊരു പ്രതീക്ഷയുമില്ലാതെ കാണേണ്ട സിനിമ: മോഹൻലാൽ
നന്ദന എം.സി
Tuesday, 19th May 2026, 9:41 am

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. മോഹൻലാൽ വീണ്ടും ജോർജ് കുട്ടിയായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്‌ലറുകളും പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകളും ഫാൻ തിയറികളും സജീവമായിരിക്കുകയാണ്.

ദൃശ്യം3, Photo: IMDb

ജോർജ് കുട്ടിയുടെ അടുത്ത നീക്കം എന്തായിരിക്കും, കഥ എങ്ങോട്ടായിരിക്കും പോകുക എന്നതിനെക്കുറിച്ച് ആരാധകർ ഇതിനോടകം നിരവധി അനുമാനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതിനിടയിൽ ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാതൊരു പ്രതീക്ഷയുമില്ലാതെ കാണേണ്ട സിനിമയാണ് ദൃശ്യം 3 എന്നാണ് താരം പറയുന്നത്.

‘ദൃശ്യം 3 ഒരു പ്രതീക്ഷയോടെയും കാണാൻ പറ്റിയ സിനിമയല്ല. കാരണം പ്രതീക്ഷിച്ച പോലെ അല്ലെങ്കിലോ നടക്കുന്നത്. എങ്ങനെയുണ്ട് സിനിമ എന്ന് ചോദിക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ അല്ല എന്ന് പറയും.

അവരുടെ പ്രതീക്ഷ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. അങ്ങനെ ആണെങ്കിൽ ആ പ്രതീക്ഷ വെച്ച് നമുക്ക് സിനിമ എടുക്കാം. പക്ഷെ അവർ പ്രതീക്ഷിച്ചതിന് മുകളിൽ വരുമ്പോൾ ആ സിനിമ വലിയ സക്സസ് ആകും,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.

ദൃശ്യം3, Photo: IMDb

ജോർജ് കുട്ടിയെക്കുറിച്ചുള്ള ആരാധകരുടെ അനുമാനങ്ങളെ കുറിച്ചും താരം രസകരമായി പ്രതികരിച്ചു. ‘ഈ സിനിമയിൽ എന്താണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ജോർജ് കുട്ടി ഒരു ലോറി ഇടിച്ചു മരിച്ചു പോയി, അല്ലെങ്കിൽ അയാളെ പൊലീസ് പിടിച്ചു കൊണ്ട് പോയി, അല്ലെങ്കിൽ പ്രഭാകർ വന്നു കുത്തിക്കൊന്നു അങ്ങനെ ഒന്നും പ്രതീക്ഷിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ജോർജ് കുട്ടി എന്നയാൾ എങ്ങനെ പെരുമാറുമെന്ന് ഞങ്ങൾക്കേ അറിഞ്ഞുകൂടാ.

പിന്നെ പ്രേക്ഷകർക്ക് എങ്ങനെ അറിയാനാണ്. സംവിധായകൻ ജീത്തു ജോസഫിന് പോലും അറിയില്ല,’ എന്നാണ് താരം പറഞ്ഞത്.

ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 21 മോഹൻലാലിന്റെ ജന്മദിന ദിനത്തിലാണ് ചിത്രം റിലീസിനെത്തുന്നത്.

Content Highlight: Mohanlal talk about the movie Drishyam 3

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.