കിരീടത്തിന് മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം 4 ലക്ഷം രൂപ; മൊത്തം കളക്ഷന്‍ 90 ലക്ഷം, നിര്‍മാണ ചിലവ് 23 ലക്ഷം: സിബി മലയില്‍
Malayalam Cinema
കിരീടത്തിന് മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം 4 ലക്ഷം രൂപ; മൊത്തം കളക്ഷന്‍ 90 ലക്ഷം, നിര്‍മാണ ചിലവ് 23 ലക്ഷം: സിബി മലയില്‍
ആര്യ.പി
Friday, 10th July 2026, 2:02 pm

കിരീടം സിനിമയുടെ അന്നത്തെ ബഡ്ജറ്റിനെ കുറിച്ചും മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ചും സിനിമയ്ക്ക് അന്ന് ലഭിച്ച കളക്ഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

ഇന്നായിരുന്നു കിരീടം റിലീസ് ചെയ്യുന്നതെങ്കില്‍ ഏകദേശം എത്ര രൂപ വരെ ചിലവുവരുമായിരുന്നെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നുണ്ട്.

നാല് ലക്ഷം രൂപയാണ് അന്ന് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയതെന്നും മൊത്തം 23 ലക്ഷം രൂപയാണ് സിനിമയുടെ നിര്‍മാണ ചിലവെന്നും സിബി മലയില്‍ പറഞ്ഞു.

‘ ഈ സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റ് എന്ന് പറയുന്നത് 23 ലക്ഷം രൂപയാണ്. അന്ന് 26 ദിവസമാണ് ഷൂട്ട് ചെയ്യാനെടുത്തത്. ഒരാഴ്ചയില്‍ താഴെയുള്ള സമയമാണ് ലോഹി ഈ കഥ എഴുതാന്‍ എടുത്തത്.

37 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മലയാള സിനിമയുടെ നിര്‍മാണ ചിലവ് ഇപ്പോള്‍ എത്രത്തോളം ഉയര്‍ന്നെന്ന് നമുക്ക് അറിയാം. അന്നത്തെ ഒരു ബിസിനസ് രീതി എന്നത് ഒന്നുകില്‍ ഡിസ്ട്രിബ്യൂഷന് കൊടുക്കാം അല്ലെങ്കില്‍ ഡിസ്ട്രിബ്യൂഷന്‍ മൊത്തമായിട്ട് ഔട്ട് റൈറ്റ് വാങ്ങുക എന്നതാണ്.

വലിയ താരങ്ങളുടെ സിനിമ ഔട്ട് റേറ്റ് വാങ്ങുകയാണ് ചെയ്യുക. അന്ന് സെവന്‍ആര്‍ട്‌സ് 27 ലക്ഷം രൂപയ്ക്ക് ഔട്ട് റേറ്റ് വാങ്ങുകയും 23 ലക്ഷം രൂപയ്ക്ക് പടം തീരുകയും ചെയ്തു.

പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം പടം ഇറങ്ങുന്നതിന് മുന്‍പ് തന്നെ 4 ലക്ഷം രൂപ ലാഭം കിട്ടി. പിന്നെ അതിന്റെ സാറ്റലൈറ്റ്, അത് പിന്നീടാണ് കിട്ടുക, വീഡിയോ കാസറ്റ്, ഓഡിയോ കാസറ്റ് ഇതിന്റെയൊക്കെ കച്ചവടം ഉണ്ടാകും. സിനിമ ഹിറ്റായ ശേഷം റീമേക്ക് റൈറ്റ്‌സ് പോയി.

പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം ഔട്ട് റേറ്റ് കൊടുത്ത 27 ലക്ഷം കൂടാതെ 40-45 ലക്ഷം രൂപ അവര്‍ക്ക് അതില്‍ നിന്ന് കിട്ടിക്കാണും. പിന്നെ തിയേറ്ററിലെ കളക്ഷന്‍ ഡിസ്ട്രിബ്യൂട്ടര്‍ക്ക് മാത്രമുള്ളതാണ്. അതില്‍ പ്രൊഡ്യൂസര്‍ക്ക് അവകാശമില്ല.

അന്ന് പറഞ്ഞ കണക്ക് പ്രകാരം 40-45 ലക്ഷത്തോളം അയാള്‍ക്കും കിട്ടിയിട്ടുണ്ട്. അത്തരത്തില്‍ അന്നത്തെ ടോട്ടല്‍ റെവന്യൂ 80-90 ലക്ഷം രൂപയാണ്. ഇന്നത്തെ കാലത്ത് ഇതേ സിനിമ എടുക്കുകയാണെങ്കില്‍ 23 ലക്ഷം 23 കോടിയോ 30 കോടിയോ ആയി മാറും, തിയേറ്റര്‍ കളക്ഷന്‍ കോടിക്ലബ്ബിലേക്ക് മാറാം.

അന്ന് മോഹന്‍ലാല്‍ 4 ലക്ഷം രൂപയാണ് ഈ സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിയത് എന്നാണ് കേട്ടത്. നാലര ലക്ഷം വരെയൊക്കെ മോഹന്‍ലാലിന് പ്രതിഫലം കിട്ടുമായിരുന്നു, എന്നാല്‍ സൗഹൃദത്തിന്റെ പുറത്ത് ഇളവ് കൊടുത്ത് 4 ലക്ഷം വാങ്ങിയതായി ഉണ്ണി പറഞ്ഞ് അറിയാം,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Mohanlal’s remuneration for ‘Kireedam’ was 4 Lakhs; the total collection was ?90 Lakhs, Sibi Malayil

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.