ബംഗ്ലാദേശിന്റെ തലയരിഞ്ഞാല്‍ വീഴുക സാക്ഷാല്‍ കപിലും സ്റ്റെയ്‌നും; ചരിത്രമെഴുതാന്‍ സ്റ്റാര്‍ക്
Sports News
ബംഗ്ലാദേശിന്റെ തലയരിഞ്ഞാല്‍ വീഴുക സാക്ഷാല്‍ കപിലും സ്റ്റെയ്‌നും; ചരിത്രമെഴുതാന്‍ സ്റ്റാര്‍ക്
ആദർശ് എം.കെ.
Friday, 7th August 2026, 8:42 am

 

ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ബംഗ്ലാ കടുവകള്‍ കങ്കാരുക്കളുടെ തട്ടകത്തിലെത്തി കളിക്കുക.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള കങ്കാരുക്കള്‍, ആ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്. കമ്മിന്‍സിന് കീഴില്‍ ഓസീസ് അനായാസ വിജയം നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒരു തകര്‍പ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന പേസര്‍മാരുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇടംകയ്യന്‍ പേസര്‍ക്ക് സാധിക്കും. ഒപ്പം ഇതിഹാസ താരങ്ങളായ കപില്‍ ദേവിനെയും ഡെയ്ല്‍ സ്റ്റെയ്‌നിനെയും മറികടക്കാനും താരത്തിന് മുമ്പില്‍ അവസരമുണ്ട്.

മിച്ചല്‍ സ്റ്റാര്‍ക്. Photo: cricket.aus.com/x.com

കങ്കാരുക്കള്‍ക്കായി പന്തെറിഞ്ഞ 105 മത്സരത്തിലെ 202 ഇന്നിങ്‌സില്‍ നിന്നുമായി 26.61 ശരാശരിയിലും 46.2 സ്‌ട്രൈക് റേറ്റിലും 433 വിക്കറ്റുകള്‍ സ്റ്റാര്‍ക് സ്വന്തമാക്കിയിട്ടുണ്ട്.

20 തവണ നാല് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച സൂപ്പര്‍ താരം, 18 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 7/58 ആണ് ഒരു ഇന്നിങ്‌സില്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍.

ഇന്ത്യന്‍ ഇതിഹാസവും, ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളിങ് ക്യാപ്റ്റനുമായ കപില്‍ ദേവിനെ മറികടക്കാന്‍ സ്റ്റാര്‍ക്കിന് വേണ്ടത് വെറും രണ്ട് വിക്കറ്റുകളാണ്.

കപില്‍ ദേവ്

ശേഷം അഞ്ച് വിക്കറ്റുകള്‍ കൂടി സ്വന്തമാക്കിയാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ മുമ്പനായ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്ന മഹാമേരുവിനെയും സ്റ്റാര്‍ക്കിന് മറികടക്കാന്‍ സാധിക്കും.

ഡെയ്ല്‍ സ്റ്റെയ്ന്‍

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ പേസര്‍മാര്‍

(താരം – ടീം – ഇന്നി ങ്‌സ് – വിക്കറ്റ്)

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 350 – 704

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 309 – 604

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 243 – 563

കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 242 – 519

ഡെയ്ല്‍ സ്റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – 171 – 439

കപില്‍ ദേവ് – ഇന്ത്യ – 227 – 434

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 202 – 433*

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 150 – 431

ഷോണ്‍ പൊള്ളോക് – സൗത്ത് ആഫ്രിക്ക – 202 – 421

വസീം അക്രം – പാകിസ്ഥാന്‍ – 181 – 414

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ താരം കപിലിനെയും സ്റ്റെയ്‌നിനെയും മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്. Photo: cricket.aus.com/x.com

ഓഗസ്റ്റ് 13 മുതല്‍ 17 വരെയാണ് പരമ്പരയിലെ ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മറാറ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി 2) ആണ് വേദി.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ജോഷ് ഹെയ്‌സല്‍വുഡ്, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ജേക്ക് വെതറാള്‍ഡ്, കാമറൂണ്‍ ഗ്രീന്‍.

ബംഗ്ലാദേശ് സ്‌ക്വാഡ്

മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), തൈജുല്‍ ഇസ്‌ലാം, ടാസ്‌കിന്‍ അഹമ്മദ്, മോമിനുള്‍ ഹഖ്, സൗമ്യ സര്‍ക്കാര്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍ മിറാസ്, ഷദ്മന്‍ ഇസ്‌ലാം, ജാകേര്‍ അലി (വിക്കറ്റ് കീപ്പര്‍), എദാബോദ് ഹൊസൈന്‍, ഖാലേദ് അഹമ്മദ്, ഹസന്‍ മഹ്മൂദ്, അമിതെ ഹസന്‍ (വിക്കറ്റ് കീപ്പര്‍), തന്‍സിദ് ഹസന്‍, മുസഫിക് ഹസന്‍.

 

Content Highlight: Mitchell Starc needs 7 more wickets to surpass Dale Steyn as the pacer with the most Test wickets.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.