ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഹിന്ദു സമൂഹത്തിനേറ്റ ഒരു കറയാണെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. തൊട്ട് കൂടായ്മയെ നിയമങ്ങള്‍ കൊണ്ട് മാത്രം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തിഗത പെരുമാറ്റത്തില്‍ മാറ്റം ആവശ്യമാണെന്നും ഹൊസബാലെ പറഞ്ഞു.

ലാല്‍ പരേഡ് ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ആഗോള നിലവാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

‘ മനുഷ്യര്‍ക്കിടയില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ല. ജനനത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമല്ല,’ ഹൊസഹബാലെ പറഞ്ഞു. രാമായണത്തില്‍ ശബരി അര്‍പ്പിച്ച പഴങ്ങള്‍ ശ്രീരാമന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജാതിയുടെ പേരില്‍ ആളുകള്‍ക്ക് എങ്ങനെ വിവേചനം കാണിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

‘ജാതിയുടെ പേരിലുള്ള ഏതൊരു പെരുമാറ്റവും സമൂഹത്തെ ദുര്‍ബലപ്പെടുത്തും. ആളുകള്‍ സ്വന്തം പെരുമാറ്റത്തില്‍ നിന്നും വീടുകളില്‍ നിന്നും മാറ്റം ആരംഭിക്കണം,’ ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്നും ഇന്ത്യയുടെ ഉയര്‍ച്ച മനുഷ്യരാശിക്ക് പലതരം നേട്ടങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Caste discrimination is a blot on Hindu society: RSS General Secretary Dattatreya Hosabale